പ്ലസ് വണ്ണിന് അധിക സീറ്റുകള്‍ അനുവദിച്ചിട്ടും ഇത്തവണയും മലബാറിലെ സീറ്റ് ക്ഷാമത്തിന് പരിഹാരമുണ്ടാകില്ല. ഇഷ്ടപ്പെട്ട സ്കൂളും കോഴ്സും തിരഞ്ഞെടുക്കാന്‍ പല വിദ്യാര്‍ഥികള്‍ക്കും കഴിയാതെ വരുമെന്നാണ് വിലയിരുത്തല്‍. വിഎച്ച്എസ്ഇ, പോളിടെക്നിക്ക് തുടങ്ങി മുഴുവൻ ഉപരിപഠന സാധ്യതകൾ പരിഗണിച്ചാലും വടക്കന്‍ കേരളത്തിലെ പല കുട്ടികളും പുറത്ത് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കേണ്ടിവരും.
പ്ലസ് വണ്‍ സീറ്റുകളില്‍ കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെയുള്ള 11 ജില്ലകളില്‍ 30 ശതമാനം മാര്‍ജിനല്‍ വര്‍ധനയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിഎച്ച്എസ് ഇ ഉള്‍പ്പെടെ 81150 സീറ്റുകളാണ് മലപ്പുറം ജില്ലയില്‍ ഉള്ളത്. 79272 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പാസായത്. കോഴിക്കോട് 43697 വിദ്യാര്‍ഥികളും പാസായി. സിബിഎസ് ഇ പാസായ വിദ്യാര്‍ഥികള്‍ കൂടി അപേക്ഷിക്കുമ്പോള്‍ ഇത്തവണയും പ്ലസ് വണ്ണിന് മതിയായ സീറ്റുണ്ടാകില്ല. ഇതിന് പുറമേ എസ്എസ് എല്‍സി സേ പരീക്ഷ എഴുതിയവരും അപേക്ഷിക്കും. ജില്ലാ അതിർത്തികളിലെ സ്കൂളുകളിൽ അടുത്ത ജില്ലകളിൽനിന്നുള്ള കുട്ടികളും അപേക്ഷിക്കും. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടകോഴ്സ് തിരഞ്ഞെടുക്കാന്‍ ഇത്തവണയുമാകില്ല.
ഒരു ക്ലാസിൽ 65 വിദ്യാർഥികളെ വരെ കുത്തിക്കയറ്റിയാണ് 30% ആനുപാതിക സീറ്റ് വർധന നടപ്പാക്കുന്നത്. എന്നാൽ, സർക്കാർ നിശ്ചയിച്ച സമിതികൾ നിർദേശിച്ചതു പ്രകാരം 50 വിദ്യാർഥികളാണ് ഒരു ബാച്ചിൽ ഉണ്ടാകേണ്ടത്. ഇത് അട്ടിമറിക്കപ്പെടുന്നതോടെ വിദ്യാർഥി-അധ്യാപക അനുപാതവും താളം തെറ്റും.