തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വടക്കൻ കേരളത്തിൽ കനത്ത പോളിങ്. ഏഴ് വടക്കൻ ജില്ലകളിലായി പോളിങ് 70 ശതമാനം കടന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 71.59 ശതമാനം. അതേസമയം തൃശൂരിൽ 67 ശതമാനമാണ് പോളിങ് ശതമാനം. ഉച്ചയ്ക്ക് ശേഷം മന്ദഗതിയിലായ പോളിങ് അവസാന മണിക്കൂറിലേക്ക് എത്തുന്നതോടെ വീണ്ടും കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കൂടുതൽ പോളിങ്: മലപ്പുറം – 71.59 ശതമാനം കടന്നു.
കുറവ് പോളിങ്: തൃശൂർ – 67 ശതമാനം പിന്നിട്ടു.
പാലക്കാട്: 70.09 %
കോഴിക്കോട്: 70.49%
വയനാട്: 70.13%
കണ്ണൂര്‍: 68.99%
കാസര്‍കോട്: 68.04%
പോളിങ്ങിനിടെ പലയിടത്തും കള്ളവോട്ട് ആരോപണങ്ങളും പ്രവർത്തകർ തമ്മിൽ സംഘർഷങ്ങളും ഉണ്ടായി. കോഴിക്കോട് കോർപ്പറേഷൻ അഞ്ചാം വാർഡിലെ എരഞ്ഞിക്കൽ പിവിഎസ് ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ എൽഡിഎഫ് പ്രവർത്തകൻ ശ്രമിച്ചതായി യുഡിഎഫ് പരാതി നൽകി. ഇരട്ട വോട്ടിന് ശ്രമം നടന്നെന്ന സംശയത്തെ തുടർന്ന് ഇയാളെ പ്രിസൈഡിങ് ഓഫീസർ പുറത്താക്കി. എന്നാൽ കള്ളവോട്ട് ശ്രമം നടന്നിട്ടില്ലെന്നും പ്രിസൈഡിങ് ഓഫീസർ പക്ഷപാതപരമായി പെരുമാറിയെന്നും സിപിഎം ആരോപിച്ചു. കാഞ്ഞങ്ങാട് അജാനൂരിലെ ചിത്താരി വാർഡിലെ ബൂത്തിൽ സിപിഎം കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു.
പട്ടാമ്പിയില്‍ ബൂത്തിൽ വെച്ച് ലീഗ്–വെൽഫെയർ പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടി. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ലീഗ് ആരോപിച്ചു. കോഴിക്കോട് വെള്ളയിൽ ഫിഷറീസ് സ്കൂളിലെ ബൂത്ത് പരിസരത്ത് വോട്ട് ചോദിച്ചെന്നാരോപിച്ച് ലീഗ്–സിപിഎം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് എത്തി പ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റി.
രണ്ടാംഘട്ട വോട്ടെടുപ്പിൽ മുഖ്യമന്ത്രിയടക്കം പ്രമുഖരുടെ നീണ്ട നിര തന്നെ ജനവിധി രേഖപ്പെടുത്തി. പിണറായിയിലെ കാട്ടിൽപീടിക ജൂനിയർ ബേസിക് എൽ പി സ്കൂളിൽ കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തത്. എൽ.ഡി.എഫ് ചരിത്രവിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇരിട്ടി പായം താന്തോട് സെൻറ് ജോസഫ് സ്കൂളിലായിരുന്നു കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന് വോട്ട്. ലോക്സഭയിലെ മിന്നുന്ന ജയം തദ്ദേശത്തിലും തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വന്തം വാർഡിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വോട്ട് ചെയ്യേണ്ടി വന്നില്ല. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട് സികെ എം എൽപി സ്കൂളിലും, പി.കെ. കുഞ്ഞാലിക്കുട്ടി കാരാത്തോട് അപ്പക്കാട് മദ്രസയിലും, ബിജെപി നേതാവ് കെ. സുരേന്ദ്രൻ മൊടക്കല്ലൂർ എയുപി സ്കൂളിലും, കാന്തപുരം എ.പി. അബൂബക്കർ മുസിലായർ ഉണ്ണികുളം പഞ്ചായത്ത് ഒൻപതാം വാർഡിലും വോട്ട് രേഖപ്പെടുത്തി.
മന്ത്രിമാരായ ഇ.പി. ജയരാജൻ അരോളി എൽപി സ്കൂളിലും, എ.കെ. ശശീന്ദ്രൻ ധർമ്മസമാജം യുപി സ്കൂളിലും, മുഹമ്മദ് റിയാസ് കോട്ടുളി സരസ്വതി വിദ്യാമന്ദിരത്തിലും, കെ. രാജൻ അന്തിക്കാട് കെ ജി എം എൽ.പി സ്കൂളിലും, ആർ. ബിന്ദു കേരള വർമ കോളജിലും, വി. അബ്ദുറഹിമാൻ , കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, ഒ.ആർ. കേളു തുടങ്ങിയവരും വോട്ട് ചെയ്തു. സംവിധായകൻ സത്യൻ അന്തിക്കാട്, ചലച്ചിത്ര താരം സംയുക്ത വർമ്മ, ജയരാജ് വാരിയർ, ഫുട്ബോൾ താരം ഐ.എം. വിജയൻ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജ്ന സജീവൻ തുടങ്ങിയവരും വോട്ട് ചെയ്തു. ലൈംഗികാരോപണ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. വോട്ടിടാൻ എത്തുമോയെന്ന ചർച്ചകളും പാലക്കാട് സജീവമായിരുന്നു.
ആലപ്പുഴ മണ്ണഞ്ചേരി അഞ്ചാം വാർഡിലെ റീപോളിങ് ശക്തമായ സുരക്ഷയിൽ പുരോഗമിക്കുകയാണ്. ഉച്ചവരെ 51 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വോട്ടിങ് യന്ത്രത്തിൽ ബിഎസ്പി സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും തെളിയാതിരുന്നതിനെ തുടർന്നാണ് ഇവിടെ റീപോളിങ് വേണ്ടിവന്നത്. വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി അടയാളം രേഖപ്പെടുത്തിയത്.
കണ്ണൂർ പിണറായി വെണ്ടുട്ടായിൽ 80 വയസ്സുള്ള വോട്ടറെ വാഹനം ഇടിച്ചിട്ടു. മകനൊപ്പം വോട്ട് ചെയ്യാൻ പോവുകയായിരുന്ന ആക്കുകണ്ടിയിൽ ശാരദയ്ക്കാണ് പരുക്കേറ്റത്. ഇടിച്ച വാഹനം നിർത്താതെ പോയതായി പരാതിയുണ്ട്.