താന്‍ ജാതിഭീകരത പരത്തുന്നുവെന്ന ആർ.എസ്.എസ്. നേതാവിന്‍റെ പരാമർശം കോമഡിയാണെന്ന് വേടൻ. താൻ മുൻപും ഇത്തരം വിമർശനങ്ങൾ കേട്ടിട്ടുണ്ട്. എടുക്കുന്ന ജോലി ആർക്കൊക്കെയോ കൊള്ളുന്നതിന്‍റെ തെളിവാണ് വിമർശനങ്ങളെന്നും വേടൻ പറഞ്ഞു.
'ഞാന്‍ സര്‍വജീവികള്‍ക്കും സമത്വം വിചാരിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്സാണ് വിശ്വസിക്കുന്നത്. പുതിയ കാര്യമല്ല, ഞാന്‍ ഭയങ്കര വിഘടനവാദിയാണെന്നാണ് മുമ്പും ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നത്. എനിക്കറിയില്ല ഇവരെന്താണ് ഇങ്ങനെ പറയുന്നതെന്ന്. നമ്മള്‍ എടുക്കുന്ന ജോലി എവിടെയോ ആള്‍ക്കാര്‍ക്ക് കിട്ടുന്നുണ്ട്. നല്ല കാര്യമായിട്ടേ എടുക്കുന്നുള്ളൂ. അമ്പലങ്ങളില്‍ എന്തായാലും ഷോ, കിട്ടും, ഞാന്‍ എന്തായാലും പോയി പാടുകയും ചെയ്യും,' വേടന്‍ പറഞ്ഞു.
വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടനു പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ട്. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു.