ട്രെയിനുകളിലെ ഭക്ഷണ ഗുണനിലവാരം ഉറപ്പാക്കാതെ ഉഴപ്പിക്കളിച്ച് റെയില്‍വേ. പരാതിയുണ്ടായാല്‍ കരാറുകാര്‍ക്ക് ലക്ഷങ്ങള്‍ പിഴ ചുമത്തുന്നതില്‍ നടപടിയൊതുക്കും. കൊച്ചിയില്‍ മോശം ഭക്ഷണം പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ വ്യാപക ആക്ഷേപമാണ് ട്രെയിനുകളിലെ ഭക്ഷണത്തേക്കുറിച്ച് യാത്രക്കാര്‍ പങ്കുവച്ചത്.
പല കാലങ്ങളില്‍ പലരായി പകര്‍ത്തിയ ദുരവസ്ഥ, ട്രെയിനുകളില്‍ ഭക്ഷണമുണ്ടാക്കുന്ന ഇടങ്ങളിലെ വൃത്തിയില്ലായ്മ,
സമൂഹമാധ്യമങ്ങളിലൂടെ പരാതികള്‍ക്കൊപ്പം പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങള്‍, ട്രെയിനുകള്‍ മോഡേണായിട്ടും വന്ദേഭാരതുകള്‍ പാളങ്ങള്‍ കൈയടക്കിയിട്ടും ഭക്ഷണക്കാര്യത്തില്‍ മാത്രം പതിറ്റാണ്ടുകള്‍ പിന്നിലാണെന്ന് തെളിയിക്കുന്നു.
ഏറ്റവുമൊടുവില്‍ കൊച്ചിയില്‍ റെയില്‍വേ കിച്ചണില്‍ പിടിച്ച അറപ്പുളവാക്കുന്ന ഭക്ഷണം. ഭക്ഷണ കരാറുകൾ കൈകാര്യം ചെയ്യുന്ന റെയിൽവേ കൊമേഴ്സ്യൽ വിഭാഗവും ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനും ഭക്ഷണ ഗുണനിലവാരം ഉറപ്പാക്കാന്‍ കൃത്യമായ നടപടികള്‍ എടുക്കുന്നില്ലെന്നതിന് ഇതില്‍പരം തെളിവെന്ത് വേണം.
വന്ദേഭാരതില്‍ ഐആര്‍സിടിസിയുടെ കീഴില്‍ ഭക്ഷണം വിതരണം ചെയ്തിരുന്നപ്പോള്‍ പരാതി വ്യാപകമായിരുന്നു. ഇതേത്തുടര്‍ന്ന് റെയില്‍വേ നേരിട്ട് കരാര്‍ നല്കിയിട്ടും ഭക്ഷണം കൂടുതല്‍ മോശമായെന്നാണ് ആക്ഷേപം. മോശം ഭക്ഷണം പിടിച്ച ബ്രിന്ദാവന്‍ ഫുഡ്സിന് ഒരുലക്ഷം പിഴയിട്ടതുപോലെ പരാതിയുയര്‍ന്നാല്‍ വന്‍തുക പിഴയിടും. നടപടിയും അവിടെത്തീരും.