malappuram-leopad

മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ട് പാറശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാളികാവ് കല്ലാമൂല സ്വദേശി 34 കാരൻ ഗഫൂറാണ് മരിച്ചത്. സ്ഥലത്തെത്തിയ നാട്ടുകാർ ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥരെ ഏറെനേരം തടഞ്ഞുവച്ച് പ്രതിഷേധിച്ചു. ഗഫൂറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

രാവിലെ ഏഴരയോടെ ടാപ്പിങ്ങിനിടെയാണ്  ആക്രമണം. കടുവ അര കിലോമീറ്റർ വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. ഒപ്പം ടാപ്പ് ചെയ്തിരുന്ന സുഹൃത്ത് ആക്രമണം നേരിൽ കണ്ടിരുന്നു. 200 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

നരഭോജിയായ കടുവയെ പിടികൂടണം, കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, ആശ്രിതക്ക് സ്ഥിരം നിയമനം നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ച നാട്ടുകാർ മൃതദേഹം കൊണ്ടുപോകുന്നത് തടസപ്പെടുത്തി.  നിലമ്പൂർ സൗത്ത് ഡി എഫ് ഐ തടഞ്ഞുവച്ചു. എ പി അനിൽകുമാർ എംഎൽഎയും പെരിന്തൽമണ്ണ സബ് കലക്ടറും എത്തിയാണ് മധ്യസ്ഥ ശ്രമം നടത്തിയത്. നഷ്ടപരിഹാരമായി 14 ലക്ഷം രൂപ നൽകാമെന്നും നാളെത്തന്നെ 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറും എന്നും ഡിഫ്ഒ അറിയിച്ചു. വനം താൽക്കാലിക ജോലി നൽകാമെന്നും സ്ഥിരം നിയമത്തിന് ശുപാർശ നൽകുമെന്നും അറിയിച്ചു. നരഭോജിയായ കടുവയെ പിടിക്കാമെന്ന ഉറപ്പും ലഭിച്ചു.

അരുൺ സക്കറിയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നെത്തുന്ന 25 അംഗ സംഘവും പാലക്കാട് നിന്നുള്ള കുങ്കി ആനകളും കടുവയെ പിടിക്കാനുള്ള ദൗത്യത്തിൽ ഭാഗമാവും.

ENGLISH SUMMARY:

Tiger kills tapping worker in Kalikavu, Malappuram