ആശാസമരം തുടങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പഠിക്കാന്‍ തുടങ്ങുന്നു. വനിതാ ശിശുവികസന ഡയറക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷയായി ഉന്നതതല സമിതി രൂപീകരിച്ചു. സര്‍ക്കാരിന്‍റെ സത്യസന്ധതയില്‍ സംശയമുന്നയിച്ച സമരസമിതി, ചെയ്ത ജോലിക്ക് കൂലി നല്കാന്‍ എന്തിനാണ് സമിതിയെ വെച്ച് പഠിക്കുന്നതെന്നും ചോദ്യമുന്നയിക്കുന്നു.
വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ചെയര്‍പേഴ്സണായ സമിതിയില്‍ ആരോഗ്യ, ധന, തൊഴില്‍ വകുപ്പുകളുടെ പ്രതിനിധിയും എന്‍ എച്ച് എം സോഷ്യല്‍ ഡെവലപ്മെന്‍റ് മേധാവി കെ എം സീനയും അംഗങ്ങളാണ്. മൂന്നുമാസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഏപ്രില്‍ 3 ന് നടന്ന ചര്‍ച്ചയിലാണ് പഠിക്കാന്‍ സമിതിയെ രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വാഗ്ദാനം ചെയ്തത്. ഒന്നരമാസമാകുമ്പോഴാണ് സമിതി വരുന്നതു തന്നെ.
എന്നാല്‍ ഒരുമാസം മുമ്പ് സമിതി രൂപീകരിച്ചുവെന്ന് സത്യവാങ്മൂലം നല്കി കോടതിയേപ്പോലും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും സമരസമിതി നേതാക്കള്‍ പ്രതികരിച്ചു. പ്രശ്നങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കാസര്‍കോട് നിന്ന് തിരുവനത്തേയ്ക്കുളള സമരയാത്രയിലാണ് ആശമാര്‍. യാത്ര കോഴിക്കോട്ടെത്തി.