തിരുവല്ല പുളിക്കീഴ് ബെവ്കോ മദ്യസംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 10 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമികനിഗമനം. തീ ഇതുവരെയും പൂർണ്ണമായും അണഞ്ഞിട്ടില്ല. 45,000 കെയ്സ് മദ്യം കത്തി നശിച്ചെന്നും സംഭവത്തിന് പിന്നിൽ അട്ടിമറി ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
ഇന്നലെ രാത്രി എട്ടുമണിയോടെയുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായത് രണ്ടു മണിക്കൂറിനു ശേഷമാണ്. തീ ഒരുവിധം കെടുത്തി അഗ്നിശമനസേനയുടെ 17 യൂണിറ്റുകൾ മടങ്ങിപ്പോകുമ്പോൾ പുലർച്ചെ മൂന്നുമണി കഴിഞ്ഞിരുന്നു. പ്രീമിയം ഔട്ട്ലെറ്റും വെയർഹൗസിനോട് ചേർന്ന ഗോഡൗണും പൂർണമായും കത്തിനശിച്ചു. ഉന്നതതല അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് എക്സൈസ് വകുപ്പ്.
തീ പടർന്നതോടെ ഗോഡൗണിലെ തൊഴിലാളികളും മദ്യം വാങ്ങാനെത്തിയവരും ഓടി രക്ഷപെടുകയായിരുന്നു. തൊട്ടടുത്ത ജവാൻ മദ്യനിർമാണശാലയിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായത് വൻ ദുരന്തം ഒഴിവാക്കി. കെട്ടിടത്തിന് പിൻഭാഗത്ത് ചില വെൽഡിംഗ് ജോലികൾ നടന്നിരുന്നു. ഇവിടെ നിന്ന് തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. കത്തിയമർന്ന വെയർഹൗസിൽ ഇല്ലാതായത് ലോഡിങ് തൊഴിലാളികളുൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ ഉപജീവനം കൂടിയാണ്. ദുരൂഹത ഉണ്ടോയെന്ന് അന്വേഷിക്കാൻ ഒരുങ്ങുകയാണ് ബെവ്കോ