കോന്നി പാടം വനം ഓഫീസില്‍ ജനീഷ് കുമാര്‍ എംഎല്‍എ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടി. ദക്ഷിണമേഖല സിസിഎഫിനോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.
ജനപ്രതിനിധികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്ന ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള പെരുമാറ്റം എംഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തന്തയ്ക്കു വിളിച്ചും, സ്റ്റേഷന്‍ കത്തിക്കുമെന്നും നക്സലൈറ്റുകള്‍ വരുമെന്നുമാണാണ് കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാര്‍ ഭീഷണിപ്പെടുത്തിയത്. കോന്നിയില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞതില്‍ ചോദ്യംചെയ്യാന്‍ കൊണ്ടുപോയ ആളെ മോചിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രകടനങ്ങള്‍. മോചിപ്പിച്ചത് പൊലീസാണെന്നും തീവ്ര സ്വഭാവമുള്ള സംഘടനകളുടെ കടന്നുകയറ്റത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വഴിവക്കുന്നു എന്നും എംഎല്‍എ ആരോപിച്ചു.
കുളത്തുമണ്ണില്‍ കൈതത്തോട്ടത്തില്‍ കാട്ടാന വൈദ്യുതാഘാതമേറ്റു ചെരിഞ്ഞ കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം അന്വേഷണം നേരിടുകയാണ്.ഈ കേസില്‍ കൈതക്കൃഷിക്ക് തോട്ടം പാട്ടത്തിനെടുത്ത ആളുടെ സഹായിയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയി. ഇയാളെ മോചിപ്പിക്കാനാണ് എംഎല്‍എയും സംഘവും പോയത്. കോന്നി ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു പ്രകടനങ്ങള്‍. റേഞ്ച് ഓഫിസര്‍ അടക്കം എല്ലാം കേട്ടുനിന്നു.
പതിനൊന്നു പേരെ വനം ഉദ്യോഗസ്ഥര്‍ അനാവശ്യമായി കസ്റ്റഡിയില്‍ എടുത്തെന്നും പൊലീസ് ഇടപെട്ടാണ് ഒരാളെ മോചിപ്പിച്ചത് എന്നും എംഎല്‍എ പറഞ്ഞു.തലപോയാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. മേഖലയില്‍ തീവ്രസ്വഭാവമുള്ള ചിലര്‍ കടന്നു കയറുന്നു എന്നും ഇവരെ സഹായിക്കുന്ന പെരുമാറ്റമാണ് ഉദ്യോഗസ്ഥരുടേത് എന്നും എംഎല്‍എ ആരോപിച്ചു.
മൂന്നു ദിവസം ദിവസം മുന്‍പാണ് വനാതിര്‍ത്തിയില്‍ സോളര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞത്.ഈ കേസില്‍ ഉദ്യോഗസ്ഥ വീഴ്ചയില്‍ വനംമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതോടെയാണ് അന്വേഷണം ഊര്‍ജിതമായത്. എംഎല്‍എയുടെ പെരുമാറ്റത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.