സമസ്തക്കുള്ളില്‍ വീണ്ടും വിഭാഗീയത മൂക്കുന്നു. കഴിഞ്ഞ മുശാവറയോത്തിന് മുന്നോടിയായി ലീഗ് വിരുദ്ധരായ ഉമര്‍ഫൈസി മുക്കത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം രഹസ്യയോഗം ചേര്‍ന്നതിനെതിരെ ലീഗ് അനുകൂല വിഭാഗം രംഗത്തെത്തി. എന്നാല്‍ സമസ്ത അധ്യക്ഷന്‍ ഇതെല്ലാം കണ്ടില്ലെന്ന മട്ടിലാണ്.
ഈ മാസം 6നാണ് കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്ത് ഏറ്റവും ഒടുവിലത്തെ മുശാവറ ചേര്‍ന്നത്. അതിന് മുന്നോടിയായാണ് ഉമര്‍ ഫൈസി മുക്കത്തിന്‍റെ നേതൃത്വത്തിലുള്ള പണ്ഡിത സംഘം ഇടിയങ്ങരയിലെ ഷൈഖ് ശാദുലി പള്ളിയില്‍ രഹസ്യയോഗം ചേര്‍ന്നത്. രാവിലെ 8.30ന് ചേര്‍ന്ന യോഗം 9.30ന് അവസാനിച്ചു. അതിന് ശേഷമാണ് ഉമര്‍ഫൈസിയും ഒപ്പമുള്ള 12 പേരും മുശാവറയോഗത്തിനെത്തിയത്. വിഭാഗീയ പ്രശ്നങ്ങളെല്ലാം പൂര്‍ണമായി പരിഹരിച്ചുവെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അവകാശ വാദം ഉന്നയിക്കുന്നതിനിടയില്‍ നടന്ന മുശാവറയിലും ഒരു വിഭാഗം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ലീഗ് വിരുദ്ധരും അനുകൂല വിഭാഗവും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് പാണക്കാട് സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ്. എന്നാല്‍ അത് വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തയ്യാറായിട്ടില്ല. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. എന്നാലിത് കണ്ണടച്ച് ഇരുട്ടാക്കലാണ് എന്നാണ് ലീഗ് അനുകൂല വിഭാഗത്തിന്‍റെ വിമര്‍ശനം.