മരണക്കെണിയൊരുക്കി മണ്ണുത്തി ഇടപ്പള്ളി ദേശീയപാത. പാലിയേക്കരക്കും കൊരട്ടിക്കും ഇടയിൽ മാത്രം രണ്ട് ദിവസത്തിനുള്ളിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ. പ്രധാന ജംക്‌ഷനുകളെല്ലാം ഗതാഗതകുരുക്കിൽപ്പെട്ട് നട്ടംതിരിയുകയാണ്.
വ്യാഴാഴ്ച രാത്രി എട്ടു മണി മുതൽ ശനിയാഴ്ച രാവിലെ എട്ടുമണി വരെയുള്ള 36 മണിക്കൂറിൽ മരണപ്പെട്ടത് അഞ്ചു പേരാണ്. വ്യാഴാഴ്ച രാത്രി കൊടകരയിൽ ലോറി ഇടിച്ച് വഴി യാത്രികൻ മരിക്കുന്നതാണ് ആദ്യ സംഭവം. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ കാറിടിച്ച് കൊരട്ടിയിൽ സൈക്കിൾ യാത്രികൻ മരിക്കുന്നു. അന്നുതന്നെ രാവിലെ പതിനൊന്നരയോടെ പുതുക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡ് മുന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് വിദ്യാർത്ഥികളുടെ ജീവനുകൾ നഷ്ടമായി. അവസാനം ശനിയാഴ്ച രാവിലെ പേരാമ്പ്ര സർവീസ് റോഡിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ദേശീയപാത കുറുകെ കടന്ന് കെഎസ്ആർടിസി ബസ്സുകൾ പുതുക്കാട് സ്റ്റാൻഡിലേക്ക് കയറുന്നത്. ഇതുമൂലം വലിയ തരത്തിലുള്ള അപകടങ്ങളാണ് ഇവിടെ ദിനംപ്രതി ഉണ്ടാകുന്നത്. നാട്ടുകാർ ഒട്ടേറെ തവണ പരാതിപ്പെട്ടെങ്കിലും യാതൊരുവിധ നടപടിയുമില്ല.
അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ ദിവസവും വലിയ തരത്തിലുള്ള ഗതാഗതക്കുരുക്ക് ആണ് ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിൽ. കലക്ടർ ഇടപെട്ട് ടോൾ പിരിവ് നിർത്തിയെങ്കിലും പരിഹാരമുണ്ടാക്കമെന്ന് പറഞ്ഞ് നാഷണൽ ഹൈവേ അതോറിറ്റി വീണ്ടും ടോൾ പിരിവ് ആരംഭിച്ചു. എന്നാൽ നടപടി മാത്രം കാണാമറയത്താണ്. ദേശീയപാതയിലെ യാത്ര കാശുകൊടുത്ത് മരണത്തിലേക്കുള്ള യാത്രയായി മാറിയിരിക്കുകയാണ് യാത്രക്കാർക്ക്.