anto-antony-mp-pathanamthitta-1205

എസ്എൻഡിപി  ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ചും കെ.മുരളീധരനെ പരോക്ഷമായി പരിഹസിച്ചും ആന്റോ ആന്റണി എം.പി. സണ്ണി ജോസഫിനെയും തന്നെയും വിമർശിക്കുന്ന വെള്ളാപ്പള്ളി ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ആന്റോ ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. അർഹതയില്ലാതിരുന്നിട്ടും അത്യുന്നതമായ പദവികൾ ലഭിച്ച് അധികാരത്തിന്റെ അർത്തിമൂത്ത് കോൺഗ്രസിനെ തകർക്കാനും പിളർത്താനും ശ്രമിച്ചവർ ഇന്നും പാർട്ടിയിലുണ്ടെന്നും കെ.മുരളീധരനെ പരോക്ഷമായി കുത്തി. കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് ആന്റോയെ പരിഗണിക്കുന്നതിനെ വെള്ളാപ്പള്ളിയും മുരളീധരനും പരിഹസിച്ചിരുന്നു.

ആന്റോ ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നിയുക്ത കെ.പി.സി.സി  പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ തരംതാണ പ്രസ്താവന കണ്ടു. അതാണ് എന്നെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചത്. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് എനിക്കെതിരെയും ഇദ്ദേഹം ഇത്തരം പ്രസ്താവന നടത്തുകയുണ്ടായി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ഒരു ഉപജാപക സംഘമാണ്. എന്നെ അക്രമിച്ചതിലൂടെ അവരുടെ ലക്ഷ്യം സാധൂകരിച്ചു എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവർ അടങ്ങിയിട്ടില്ല, സണ്ണി ജോസഫിനെയും അവർ ലക്ഷ്യമിട്ടിട്ടുണ്ട്  എന്ന് കണ്ടതുകൊണ്ടാണ് ഞാൻ എന്റെ നിലപാട് തുറന്ന് പറയാൻ തീരുമാനിച്ചത്.

സണ്ണി ജോസഫ് വളരെ മാന്യനായ പൊതുപ്രവർത്തകൻ ആണ്. 24 വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കണ്ണൂരിലും ഞാൻ കോട്ടയത്തും ഡി.സി.സി പ്രസിഡന്റ് ആകുന്നത് ഒരുമിച്ചാണ്. പതിറ്റാണ്ടുകൾ നീണ്ടു നിന്ന രാഷ്ട്രീയ പ്രവർത്തനത്തിന് ഒടുവിലാണ് അദ്ദേഹം ഡി.സി.സി പ്രസിഡന്റ് ആയത്. ഒരു ജനപ്രതിനിധി ആകാനുള്ള എല്ലാ അർഹതയും ഉണ്ടായിട്ടും 40 വർഷം അതിനുവേണ്ടി അദ്ദേഹം കാത്തിരിക്കേണ്ടിവന്നു. അർഹതയില്ലാതിരുന്നിട്ടും അത്യുന്നതമായ പദവികൾ  ലഭിച്ചിട്ടും അധികാരത്തിന്റെ ആർത്തിമൂത്ത് കോൺഗ്രസിനെ തകർക്കാനും, പിളർത്താനുമൊക്കെ ശ്രമിച്ച നേതാക്കൾ ഉള്ള പാർട്ടിയിലാണ്  സണ്ണി ഇത്ര സമ്യമനത്തോടെ നിലപാട് സ്വീകരിച്ചത്. 

അത്രയും രാഷ്ട്രീയ മാന്യതയുള്ള സണ്ണി ജോസഫിനെയാണ് ഒരു മാന്യതയുമില്ലാതെ വെള്ളാപ്പള്ളി നടേശൻ ആക്രമിക്കുന്നത്. സണ്ണി ജോസഫിന്റെ കെ.പി.സി.സി പ്രസിഡന്റായുള്ള കടന്നുവരവ് ഉപജാപക വൃന്ദം ഉൾക്കൊണ്ടിട്ടില്ല എന്നുള്ളത് ഒരിക്കൽ കൂടി വ്യക്തമായി. അങ്ങനെ സണ്ണി ജോസഫിനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തോടൊപ്പം നിൽക്കും. ദുർബ്ബലമായ കോൺഗ്രസിൽ സ്ഥാനങ്ങൾക്ക് പ്രസക്തിയില്ല ശക്തമായ കോൺഗ്രസിൽ പ്രവർത്തകനായി നിൽക്കുന്നതാണ് അഭിമാനം.

ഓൺലൈൻ മാധ്യമങ്ങളിൽ കൂലിയെഴുത്തു നടത്തുന്ന ചിലർ കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്രീ. കെ.സി വേണുഗോപാലിനെ മ്ലേച്ഛമായ രീതിയിൽ അക്രമിച്ച്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ത്രിവർണ്ണ പതാക അഭിമാനത്തോടെ ഉയർത്തി പിടിക്കുന്ന നേതാവാണ്  ശ്രീ. കെ.സി വേണുഗോപാൽ. ഇന്ത്യൻ മതേതരത്വം കാക്കാനും, ജനാധിപത്യം സംരക്ഷിക്കാനും രാഹുൽ ഗാന്ധിയോടൊപ്പം പാർലമെന്റിന്റെ അകത്തും പുറത്തും നടത്തുന്ന പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ മതേതരത്വ ശക്തികൾക്ക് ഉറച്ച് വിശ്വസിക്കാൻ സാധിക്കുന്ന നേതാവാണ് കെ.സി എന്ന്   തെളിയിച്ചു കഴിഞ്ഞു. ഇത്തരം കൂലിയെഴുത്തുകാരുടെ എഴുത്തിന് എഴുതുന്ന മഷിയുടെ വിലപോലും ജനങ്ങൾ കല്പിക്കുന്നില്ല. കെ.സി യുടെ പിന്നിൽ ഇന്ത്യയിലെയും, കേരളത്തിലെയും കോൺഗ്രസ് പ്രവർത്തകർ ഉറച്ച് നിൽക്കും.

വെള്ളാപ്പളളി നടേശൻ ബി.ജെ.പി.യുടെയും, സി.പി.എമ്മിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവർത്തനം ശക്തമായി തുടരട്ടെ. കോൺഗ്രസിന് ഉപദേശം നൽകാൻ സമയം എടുക്കേണ്ട. കോൺഗ്രസിന്റെ കാര്യം നോക്കാൻ കോൺഗ്രസിന് പ്രാപ്തിയുണ്ട്.

സണ്ണി ജോസഫ് ഇന്ന് കേരളത്തിലെ കോൺഗ്രസിന്റെ നേതാവാണ് അദ്ദേഹത്തിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കേറ്റിന്റെ ആവശ്യം ഇല്ല. സണ്ണി ജോസഫിന് ഐക്യദാർഢ്യം...

ENGLISH SUMMARY:

Congress MP Anto Antony strongly criticized SNDP general secretary Vellappally Natesan for his comments against newly appointed KPCC president Sunny Joseph. In a detailed Facebook post, Anto accused Vellappally of working to protect the interests of both BJP and CPM. He also took indirect jabs at senior Congress leader K. Muraleedharan, suggesting that some leaders who received positions without merit attempted to weaken the party from within. Anto extended his support to Sunny Joseph, praising his political journey and integrity, while also defending KC Venugopal against recent online criticisms.