ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മലയാളി യുവാവ് റിജാസിനു പിന്നാലെ പൊലീസിന്‍റെ വ്യാപക പരിശോധന. റിജാസിനെതിരെ കേരളത്തിലുള്ള കേസുകളിലും അന്വേഷണമുണ്ടാകും. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന, നാഗ്പുർ പൊലീസ് എന്നിവർ ഇന്നലെ വൈകിട്ട് കൊച്ചി എളമക്കരയ്ക്കടുത്തുള്ള കീർത്തി നഗറിലെ റിജാസിന്‍റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ആക്റ്റിവിസ്റ്റും സ്വതന്ത്ര മാധ്യമ പ്രവർത്തകനുമായ റിജാസ് എം.ഷീബ സൈദീക്ക് നാഗ്പൂരില്‍ വച്ചാണ് അറസ്റ്റിലായത്.
റിജാസിന്‍റെ കുടുംബാംഗങ്ങളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കേരളത്തില്‍ റിജാസിനെതിരെയുള്ള കേസുകളിലെല്ലാം വിശദമായ അന്വേഷണം നടക്കും. കശ്മീരിൽ ഭീകരരുടെ വീടുകൾ തകർക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പനമ്പിള്ളി നഗറിൽ പ്രതിഷേധിച്ചതിന് റിജാസ് അടക്കം 10 പേർക്കെതിരെ ഏപ്രിൽ ഒടുവിൽ പൊലീസ് കേസെടുത്തിരുന്നു. അനുമതിയില്ലാതെയുള്ള സംഘം ചേരൽ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. കളമശേരി യഹോവസാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് റിജാസ് ജോലി ചെയ്തിരുന്ന ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്തയുടെ പേരിലും പൊലീസ് കേസെടുത്തിരുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട് മുസ്‍ലിം സമുദായത്തിൽപ്പെട്ട യുവാക്കളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു എന്നായിരുന്നു എന്ന റിപ്പോര്‍ട്ടിന്റെ പേരിലായിരുന്നു കേസ്. യഹോവയുടെ സാക്ഷികൾ വിഭാഗം നടത്തിയ കൺവെൻഷനിടെയുണ്ടായ സ്ഫോടനത്തിൽ 8 പേർ കൊല്ലപ്പെടുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തമ്മനം സ്വദേശിയായ ഡൊമിനിക് മാർട്ടിനാണ് ആ കേസിലെ ഏക പ്രതി.
ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം നാഗ്‌പുരിലെത്തിയപ്പോഴാണ് സുഹൃത്തിനൊപ്പം റിജാസിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ, കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 13 വരെ റിജാസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.