സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള കണ്ണൂര്‍ ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കം. എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. പ്രമുഖരുമായുള്ള മുഖാമുഖം പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ മാസം 14 വരെയാണ് ജില്ലയിലെ ആഘോഷ പരിപാടികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം വിപുലമായി ആഘോഷിക്കുമ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത് വന്‍ പവലിയനില്‍ ഒരുക്കിയ എന്‍റെ കേരളം പ്രദര്‍ശന വിപണന മേള തന്നെയാണ്. വ്യാഴാഴ്ച വൈകിട്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം മുതല്‍ വന്‍ തിരക്കാണ് മേളയില്‍. ആദ്യ ദിവസം ചെറുതാഴം ചന്ദ്രന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യ മേളം അരങ്ങേറി. ഒപ്പം സംഗീതജ്ഞന്‍ രമേഷ് നാരായണന്‍റെ സംഗീത വിരുന്ന്. നിറഞ്ഞ സദസാണ് പരിപാടികള്‍ക്കുണ്ടായത്. ഇന്ത്യ–പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ പത്താം തിയതി മുതലുള്ള കലാപപരിപാടികള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എങ്കിലും എന്‍റെ കേരളം മേളയ്ക്ക് നൂറുകണക്കിന് പേര്‍ ദിനേനയെത്തുകയാണ്. വൈവിധ്യങ്ങളുടെ ലോകം തുറന്ന് 251 സ്റ്റാളുകളാണ് മേളയിലുള്ളത്.. വിവിധ വകുപ്പുകളുടെ 151 തീം സ്റ്റാളുകളും 100 വാണിജ്യ സ്റ്റാളുകളുമാണിവ. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശന മേള 52000 ചതുരശ്ര അടിയില്‍ പവലിയനിലാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന, ഭരണ നേട്ടങ്ങള്‍ വിളിച്ചോതുകയാണ് മേള. കാഴ്ചക്കാരെ സ്വാഗതം ചെയ്യുന്നത് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ്. തുടര്‍ന്നങ്ങോട്ട് കാഴ്ചകളുടെയും അനുഭവങ്ങളുടെയും ലോകം.. സാങ്കേതിക വിദ്യകള്‍ അത്ഭുതപ്പെടുത്തുന്ന റോബോട്ടിക്സ്. എഐ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിനോട് എന്തുചോദിച്ചാലും മറുപടി പറയും.
ഡ്രോണുകളുടെ ലോകവും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. ഭാരമേറിയ വന്‍ ഡ്രോണുകളും വിരലില്‍ പൊക്കിയെടുക്കാവുന്ന കുഞ്ഞന്‍ ഡ്രോണുകള്‍ വരെ. പവലിയനുകളിലൂടെ നടക്കുമ്പോള്‍ പൊലീസും അഗ്നിരക്ഷാ സേനയുമെല്ലാം കാണാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. പൊലീസിന്‍റെ വെടിക്കോപ്പുകള്‍ നിരത്തിവെച്ച കാഴ്ച. ഫയര്‍ഫോഴ്സിന്‍റെ രക്ഷാ രീതികളെ കുറിച്ചുള്ള വിശദീകരണം. കയറില്‍ കുരുക്കി ആളുകളെ രക്ഷിക്കുന്നത് നേരിട്ടുകാണിച്ചുള്ള വിശദീകരണം. പൊതുവെ ആളുകള്‍ക്ക് കൗതുകമുയര്‍ത്തുന്ന സെന്‍ട്രല്‍ ജയിലിനുള്ളിലെ ലോകമെങ്ങനെയെന്ന് ജയില്‍ വകുപ്പ് വരച്ചുകാട്ടുന്നു മേളയില്‍. തടവുകാരുടെ ജീവിതമെങ്ങനെ. ജയിലിനുള്ളിലെ രീതികളെന്ത് തുടങ്ങിയവയെല്ലാം. തൂക്കിലേറ്റുന്ന രീതികളും കാഴ്ചക്കാര്‍ അത്ഭുതത്തോടെ നോക്കി.
കെഎസ്ഇബി സ്റ്റാളും ഏറെ ശ്രദ്ധേയം. ഇടുക്കി ഡാമിന്റെ ഉൾക്കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാനുള്ള അവസരമാണ് പ്രധാന ആകർഷണം. ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം നേരിട്ട് കണ്ടറിയാനും പരിചയപ്പെടാനുമുള്ള അവസരമൊരുക്കുകയാണ് മലബാർ കാൻസർ സെന്റർ. പേഷ്യന്റ് പാർട്ട്, വിഷ്വൽ ടവർ, സർജൻ കൺസോൾ എന്നിങ്ങനെ ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം മൂന്നു ഭാഗങ്ങളായാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. അത്യാധുനിക യന്ത്ര സംവിധാനത്തിലൂടെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന യന്ത്ര ഭാഗങ്ങൾ, ത്രീ ഡി ഡെഫിനിഷൻ ദൃശ്യങ്ങൾ ഡോക്ടർക്ക് നൽകുന്ന സംവിധാനം, ഡോക്ടർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന ഭാഗം എന്നിവ സ്റ്റാളിലെത്തിയാൽ കാണാനാകും
കൃഷി വകുപ്പിന്റെ സ്റ്റാൾ ഡിജിറ്റൽ അഗ്രികൾച്ചർ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്രോണുകളുടെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനങ്ങൾക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഡ്രോൺ പ്രവർത്തനങ്ങൾ അടുത്തറിയുന്നതിന് ലൈവ് ഡെമോൺസ്ട്രഷനും സ്റ്റാളിലുണ്ട്. ആരോഗ്യ രംഗത്തെക്കുറിച്ച് അടുത്തറിയാനുള്ള സാധ്യതകളുമുണ്ട് മേളയില്‍. സിപിആര്‍ നല്‍കുന്നതടക്കമുള്ളവ എങ്ങനെയെന്നും അതിനുള്ള മെഷീനുകളെ കുറിച്ചും അടുത്തറിയാം.
പുകവലിക്കെതിരായ ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട് മേള. പുകവലിച്ച് കാന്‍സര്‍ ബാധിച്ച ശ്വാസകോശത്തിന്‍റെ പ്രദര്‍ശനം. 30 സെക്കന്റുകൊണ്ട് ശരീരത്തിലെ നിക്കോട്ടിന്റെ അളവ് കണ്ടെത്താൻ പവലിയനിൽ സൗകര്യമുണ്ട്. മണ്‍പാത്ര നിര്‍മാണം, കരകൗശല വസ്തു വില്‍പന, കൈത്തറി തുടങ്ങി നിരവധി കാഴ്ടകളാണ് മേളയില്‍. അറിവും വിജ്ഞാനവും പകരുന്ന മേളയുടെ അവാസന ഭാഗങ്ങളിലേക്കെത്തുമ്പോള്‍ വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ മനസുനിറയ്ക്കും. കൂണ്‍ കൊണ്ടുണ്ടാക്കിയ സോപ്പാണ് അതില്‍ അത്ഭുതപ്പെടുത്തുന്ന വസ്തു. ചര്‍മത്തിന് ഏറെ നല്ലതെന്ന് ഉണ്ടാക്കിയവര്‍ പറയുന്നു. മലയാളിക്ക് അധികം പരിചയമില്ലാത്ത കാരവാന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ കാരവാനും മേളയില്‍ എത്തിച്ചിട്ടുണ്ട്. ആര്‍ക്കും സൗജന്യമായി കാരവാനില്‍ കയറി ആഢംബരം ആസ്വദിക്കാം. കാരവാന്‍ സൗകര്യങ്ങളെ അടുത്തറിയാം. കട്ടിലുകളും ശുചിമുറിയും അടുക്കളയും, ടിവിയും സുഖകരമായ സീറ്റുകളുമെല്ലാമുള്ള കാരവാന്‍ ആരെയും മനംമയക്കും. നിരവധി പേര്‍ കാരവാനില്‍ കയറി അതാസ്വദിച്ചു.
ഫയര്‍ ആന്‍റ് റെസ്ക്യൂ വകുപ്പിന്‍റെ രക്ഷാ പ്രവര്‍ത്തന ഓപ്പറേഷനുകളുടെ മറ്റൊരു മാതൃക കൂടി പ്രദര്‍ശിപ്പിച്ചാണ് കണ്ണൂരിലെ എന്‍റെ കേരളം പ്രദര്‍ശന വിപണന മേള അവസാനിക്കുന്നത്. ദുരന്തമുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന രീതികളാണ് ജനങ്ങള്‍ക്കായി അവതരിപ്പിച്ചത്. പൊതുമരാമത്ത്, കായികം, വനം തുടങ്ങിയ വകുപ്പുകളുടെയും കിഫ്ബി, സപ്ലൈക്കോ തുടങ്ങിനിരവധി സ്ഥാപനങ്ങളുടെയും പ്രദര്‍ശനവും വിപണനവും മേളയില്‍ ജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ കണ്ടറിഞ്ഞ നാട്ടുകാര്‍ക്ക് മനം നിറഞ്ഞു. സന്തോഷത്തോടെയാണ് പ്രതികരണങ്ങള്‍.