banana

TOPICS COVERED

മലപ്പുറം വണ്ടൂരിലെ കർഷകന് വാഗ്ദാനം ലഭിച്ച സമയത്ത് വാഴ കുലയ്ക്കാത്തതിൽ നഴ്സറി ഉടമകൾ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. വണ്ടൂർ കരിമ്പൻതൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. 

സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യന്നയാളാണ് പരാതിക്കാരൻ. ചുങ്കത്തറ കാർഷിക നഴ്‌സറിയിൽ നിന്നും 150 നേന്ത്രവാഴ ഉൾപ്പെടെയുള്ള കന്നുകൾ 3425 രൂപ നൽകിയാണ് വാങ്ങിയത്.  പത്ത് മാസത്തിനകം വാഴകുലക്കുമെന്നും ഓണവിപണിയിൽ വിൽപന നടത്താമെന്നും കരുതിയാണ് വാഴക്കന്നുകൾ വാങ്ങിയത്. എന്നാൽ സമയത്ത് വാഴ കുലച്ചില്ലെന്ന് മാത്രമല്ല നേന്ത്രവാഴക്ക് പകരം സ്വർണ്ണമുഖി  ഇനത്തിൽപ്പെട്ട കന്നുകളാണ് അലവിക്ക് ലഭിച്ചത്. മറ്റ് കന്നുകളും ആവശ്യപ്പെട്ട പ്രകാരമായിരുന്നില്ല കിട്ടിയത്. തുടർന്നാണ് 1,64,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. തുടർന്ന് വണ്ടൂർ കൃഷി ഓഫീസറും അഭിഭാഷക കമ്മീഷനും കൃഷിസ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. 

പരാതിക്കാരന്‍റെ വാദഗതികൾ ശരിവച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ അംഗീകരിച്ച് കൃഷിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വാഴക്കന്നുകൾക്ക് നൽകിയ വില 3425 രൂപയും വളം ചേർക്കുന്നതിന് ചെലവഴിച്ച 11,175 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകുന്നതിന് കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം ഒൻപത് ശതമാനം പലിശയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചുങ്കത്തറ കാർഷിക നഴ്‌സറി ആൻഡ് ഗാർഡൻ സർവീസ് എന്ന സ്ഥാപനത്തിനെതിരെയാണ് കമ്മീഷന്റെ വിധി.

ENGLISH SUMMARY:

In a significant ruling, the Consumer Commission has ordered a nursery owner to pay ₹1 lakh as compensation to a farmer from Vandoor, Malappuram. The case was filed after the banana plant purchased from the nursery failed to yield any bunches, despite assurances given at the time of sale. The commission observed that the farmer suffered financial loss due to false claims, and ruled in favour of the consumer’s right to fair trade.