കൊച്ചി അയ്യപ്പൻകാവിൽ 18 കാരനെ കടിച്ച തെരുവുനായ പേവിഷബാധ മൂലം ചത്തു. ഇതേ നായ വഴിയാത്രക്കാരിയായ സ്ത്രീയെയും ആക്രമിച്ചു. നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് കൊച്ചി കോർപ്പറേഷൻ 68 ാം ഡിവിഷനിൽ തെരുവ് നായ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്നു പോവുകയായിരുന്നു 18കാരന് നേരെ പാഞ്ഞടുത്ത നായ കാലിൽ പല തവണ കടിച്ചു.
കോർപ്പറേഷൻ ഇടപെട്ട് നായയെ പിടികൂടി ബ്രഹ്മപുരത്തെ എബിസി സെന്‍ററിലേക്ക് മാറ്റി. ഇതിനു പിന്നാലെയാണ് നായ ചത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചു. നായ വഴിയാത്രക്കാരിയായ മറ്റൊരു സ്ത്രീയെയും ആക്രമിച്ചിരുന്നു. നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പ്രദേശവാസികൾ. കടിയേറ്റവർ വാക്സിൻ എടുത്തെന്ന് കൗൺസിലർ പറയുന്നു.
പേ വിഷബാധ സ്ഥിരീകരിച്ച നായക്ക് ഒപ്പം ഉണ്ടായിരുന്ന നായകളെയും പിടികൂടി ബ്രഹ്മപുരത്തേക്ക് മാറ്റി. മംഗളവനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് തെരുവ് നായകൾ തമ്പടിക്കുകയാണെന്നും അവശേഷിക്കുന്നവയെ പിടികൂടണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.