kerala-security-check-3

സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം. കേരളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. വിമാനത്താവളങ്ങള്‍ , റയില്‍വേ സ്റ്റേഷനുകള്‍, വിഴിഞ്ഞം തുറമുഖം, കര നാവിക വ്യേമ സേനാ താവളങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കൂട്ടി. 

അതേസമയം, ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് സംസ്ഥാനത്ത് 126 കേന്ദ്രങ്ങളില്‍ ഇന്നലെ മോക്ക് ഡ്രില്‍ നടത്തിയിരുന്നു. വിവിധ സേനാവിഭാഗങ്ങളും സിവില്‍ഡിഫന്‍സ് വോളന്‍റിയര്‍മാരും സുരക്ഷാ ഡ്രില്ലിന്‍റെ ഭാഗമായി. പ്രധാന ഒാഫീസുകള്‍, പൊതു ഇടങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലായിരുന്നു വൈകീട്ട് നാലുമണിമുതല്‍ അരമണിക്കൂര്‍ നീണ്ട ഡ്രില്‍. നാലുമണിക്ക് തിരുവനന്തപുരത്ത് ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത്  സൈറന്‍നല്‍കി, രണ്ടു മിനിറ്റുകൊണ്ട് പതിനാലു ജില്ലകളിലെ 126 കേന്ദ്രങ്ങളിലും മുന്നറിയിപ്പെത്തി. ഭരണ കേന്ദ്രമായ സെക്രട്ടേറിയറ്റ് പൂര്‍ണമായും പൊലീസിന്‍റെയും അഗ്നിശമന സേനയുടേയും നിയന്ത്രണത്തിലായി. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. 

നിര്‍ദേശം ലഭിച്ച ഉടനെ തിരുവനന്തപുരം ലുലുമാളില്‍പൊലീസ് സിവില്‍ ഡിഫന്‍സ് വോളന്‍റിയേഴ്സ് അഗിനിശമന സേന എന്നിവര്‍ സജ്ജരായി. തീപിടുത്തമോ  ആക്രമണമോ ഉണ്ടായാല്‍സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ആറിടത്ത് മോക്ക് ഡ്രില്‍ നടന്നു. മാളുകള്‍, ബസ്റ്റാന്‍റ്, ഡാം സൈറ്റ് എന്നിവിടങ്ങളില്‍ സുരക്ഷാ ഡ്രില്‍വിജയകരമായി പൂര്‍ത്തിയാക്കി. 

വയനാട്ടില്‍ മെഡിക്കല്‍കോളജിലും വിനോദ സഞ്ചാര കേന്ദ്രത്തിലും ഉള്‍പ്പെടെ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. കൊച്ചിയില്‍സിവില്‍ സ്റ്റേഷനിലുള്‍പ്പെടെ നാലുകേന്ദ്രങ്ങളില്‍ ഡ്രില്‍ നടത്തി.  തീപിടുത്തമുണ്ടായാല്‍ നല്‍കേണ്ട പ്രാഥമിക നടപടികള്‍ കൈക്കൊണ്ടു. മെട്രോസ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശമനുസരിച്ചുള്ള നടപടികളെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷെയ്ഖ് സജാദ് ഗുൽ കേരളത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്തിരുന്നതായി റിപ്പോർട്ട്‌. ശ്രീനഗറിലെ പഠനത്തിനും ബെംഗളൂരുവിലെ എംബിഎയ്ക്കും ശേഷം കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്‌ ചെയ്തു. പിന്നീട് ശ്രീനഗറിൽ എത്തി ഒരു ലാബ് പ്രവർത്തനം ആരംഭിച്ചുവെന്നാണ് സൂചന. കശ്മീര്‍ സ്വദേശിയാണ് 50കാരനായ, ദ് റസിസ്റ്റൻസ് ഫ്രണ്ടെന്ന ഭീകര സംഘടനയുടെ തലവനായ സജാദ് അഹമ്മദ് ഷെയ്ഖ്,  അറിയപ്പെടുന്നത് ഷെയ്ഖ് സജാദ് ഗുൽ എന്ന പേരിലാണ്.  2020 മുതലുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രണം ഇയാൾ നടത്തിയെന്നാണ് എന്‍‌ഐഎ സംശയിക്കുന്നത്.

ENGLISH SUMMARY:

A high alert has been issued across the state. Security has been tightened at key strategic locations in Kerala, including airports, railway stations, the Vizhinjam port, and army, navy, and air force bases.