സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍  പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ്  സന്തോഷ് വര്‍ക്കിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.  ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ്  ഇപ്പോള്‍  ജാമ്യം അനുവദിച്ചത്. 

സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ഇനി ഇത്തരത്തിലുള്ള സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് കര്‍ശന മുന്നറിയിപ്പും നല്‍കി. സോഷ്യല്‍മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്നും കോടതി താക്കീത് നല്‍കി. 

നടിമാരായ ഉഷാ ഹസീന, കുക്കു പരമേശ്വരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. നിരന്തരം സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്ക് എതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണന്ന് ചൂണ്ടിക്കാട്ടി നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സന്തോഷ് വര്‍ക്കിയെ പിടികൂടിയത്. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു. സിനിമകളുടെ റിവ്യു പറഞ്ഞും ട്രോളുകളിലൂടെയും സോഷ്യല്‍മീഡിയയില്‍ വൈറലായ താരമാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി.

ENGLISH SUMMARY:

Vlogger Santhosh Varkey, known as "Arattannan," has been granted bail by the Kerala High Court in a case related to derogatory remarks against women, including actresses Usha Hazeena, Kukku Parameswaran, and dubbing artist Bhagyalakshmi. While the court observed that there was a prima facie case against him, it ruled that custodial interrogation was unnecessary. A strict warning was issued against repeating such offenses or making disrespectful comments about women on social media