wayanad-township

ചൂരല്‍മല മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്നത് ലോക മാതൃകയിലുള്ള ടൗണ്‍ഷിപ്പ്, നിര്‍മാണ പ്രവര്‍ത്തി നടക്കുന്നത് വേഗത്തില്‍. എട്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രഖ്യാപനം

2024 ജൂലൈ 30.. മലയാളികള്‍ക്ക് മറക്കാനാവാത്ത ദിവസം. മേപ്പാടി പഞ്ചായത്തിലെ മുണ്ടകൈയും ചൂരല്‍മലയും പാടേ ഒലിച്ചു പോയ ദിവസം. സര്‍ക്കാര്‍ കണക്കു പ്രകാരം 298 പേരുടെ ജീവന്‍ നഷ്‍‌‌‍ടമായ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് 10 മാസം തകയാറായി. 32 പേരെ കാണാതായി. അറുനൂറോളം വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട ആയിരകണക്കിനു മനുഷ്യര്‍ ഇന്ന്  ജില്ലയിലെ പതിനാറ് പ‍ഞ്ചായത്തുകളിലെ വാടക വീടുകളില്‍ കഴിയുകയാണ്..

ദുരന്തത്തിനു പിന്നാലെ മേപ്പാടി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയ ദുരന്തബാധിതരെ ഒരു മാസത്തിനകം വാടകവീടുകളിലെത്തിച്ചു. മാസം തോറും ആറായിരം വീതം വാടകതുക അക്കൗണ്ടിലേക്ക് നല്‍കി. ദിവസവും 300 രൂപ വെച്ച് കുടുംബത്തിലെ രണ്ടുപേര്‍ക്കായി മാസം 18000 രൂപ മൂന്നു മാസത്തേക്ക് വിതരണം ചെ‌യ്‌തു വന്നു. സ്വകാര്യവ്യക്തികളുടേയും സംഘടനകളുടേയും അകമൊഴിഞ്ഞ സഹായം കൂടിയായതോടെ പതിയെ ജീവിതത്തിലേക്ക് തിരികെ വരികയാണ് അവര്‍..

ദുരന്തബാധിതരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു വീടെന്നത്. ഇനിയൊരു ദുരന്തത്തിനു ഇരയാകാത്ത വീടുകള്‍. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ആ ആവശ്യത്തിനു കൂടി അംഗീകാരമാവുകയാണ്. ദുരന്തബാധിതര്‍ക്ക് വീടൊരുങ്ങുകയാണ്.

​എല്ലാവരും ഒറ്റമനസോടെ ജീവിച്ചിരുന്ന നാടാണ് മുണ്ടകൈയും ചൂരല്‍മലയും. നിരവധി വീടുകളാണെങ്കിലും ഒറ്റകുടുംബത്തെ പോലെ ജീവിച്ച നാട്. പ്രകൃതി ദുരന്തമായി അവതരിച്ച് വേര്‍പിരിച്ചെങ്കിലും തങ്ങളെ ഒന്നിച്ച് പുനരധിവസിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പെന്ന ആശയത്തിലേക്ക് എത്തിയത്. രണ്ടുനാടുകളെ  അതുപോലെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു തീരുമാനം. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റക്കടുത്തെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അതിനായി കണ്ടെത്തി

മാതൃകാ ടൗണ്‍ഷിപ്പ് നടപ്പിലാക്കുമെന്ന് ഒക്‌ടോബര്‍ നാലിനു മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു. നടപടിക്കു തുടക്കമിട്ടതോടു കൂടി എസ്റ്റേറ്റ് ഉടമകളും കോടതിയെ സമീപിച്ചു. വാദം പൂര്‍ത്തിയാകുന്നത് വരെ ഭൂമി ഏറ്റെടുക്കരുതെന്ന് ഒക്‌ടോബര്‍ 10 ന് കോടതിയുടെ നിര്‍ദേശം. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഭൂമി ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവിട്ടു.

64 ഹെക്‌ടറില്‍ 402 വീടുകളാണ് സര്‍ക്കാര്‍ നിര്‍മിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. എസ്റ്റേറ്റ് ഉടമകള്‍ക്ക് ആദ്യഘട്ടത്തില്‍ 26.5 കോടിയും പിന്നീട്  17 കോടിയും സര്‍ക്കാര്‍ കെട്ടിവെച്ചു. ഏഴ് സെന്‍റ് ഭൂമിയില്‍ 1000 സ്ക്വയര്‍ ഫീറ്റു വീതമുള്ള വീടുകളാണ് നിര്‍മിക്കുക. രണ്ടുനില വീടുകള്‍ക്കുള്ള അടിത്തറ ഒരുക്കും. വീടുനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ 

വീടുകള്‍ മാത്രമല്ല, അംഗന്‍വാടിയും കമ്യൂണിറ്റി ഹാളും പ്രാഥമികാരോഗ്യ കേന്ദ്രവും പ്ലേഗ്രൗണ്ടും എല്ലാം ടൗണ്‍ഷിപ്പിന്‍റെ ഭാഗമായി ഒരുക്കുന്നുണ്ട്. മാര്‍ച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിനു തറക്കല്ലിട്ടു. രാഷ്ട്രീയ ഭേദമന്യേ വലിയ ആള്‍കൂട്ടം ചടങ്ങിനെത്തി. ദുരന്തബാധിതര്‍ പ്രതീക്ഷയോടെ പുനരധിവാസ ഭൂമിയിലെത്തി.

ഘട്ടം 1, ഘട്ടം 2 A, ഘട്ടം 2 B എന്നിങ്ങനെയായി 402 കുടുംബങ്ങളാണ് ടൗണ്‍ഷിപ്പിനായുള്ള ഗുണഭോക്താക്കള്‍. പ്രത്യേകം തിരഞ്ഞെടുത്ത് സമ്മതപത്രം എഴുതിവാങ്ങിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഒന്നല്ലെങ്കില്‍ ടൗണ്‍ഷിപ്പില്‍ ഭൂമി അതല്ലെങ്കില്‍ 15 ലക്ഷം രൂപ എന്നായിരുന്നു സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കു മുന്നില്‍ വെച്ച മാര്‍ഗങ്ങള്‍. അതില്‍ അനിയോജ്യമായത് തിരഞ്ഞെടുത്തായിരുന്നു സമ്മത പത്രം.

​കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ വീടു നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാകും. നഗരത്തോട് ചേര്‍ന്ന് ദുരന്തബാധിതര്‍ പുതിയ ജീവിതം കെട്ടിപടുക്കും. സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ പ്രവൃത്തി ശക്തമായ വേഗതയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്. ഏറ്റവും വലിയൊരു ദുരന്തത്തെ പരാജയപ്പെടുത്തുകയാണ് ഈ നാട്. അതില്‍ അതിജീവിച്ചവര്‍ക്ക് നാം ഒറ്റകെട്ടായി തണലൊരുക്കുകയാണ്. ലോകം കണ്ട ഏറ്റവും മികച്ച പുനരധിവാസ ടൗണ്‍ഷിപ്പ് കല്‍പ്പറ്റയില്‍ വേഗത്തില്‍ ഉയരും. 

ENGLISH SUMMARY:

A world-class township is being built in Elston Estate for the victims of the Chooralmala Mundakai landslide disaster.