തെക്കേഗോപുരവാതില്‍ തുറന്ന് നൈതലക്കാവിലമ്മ തൃശൂര്‍ പൂരം വിളംബരം നടത്തി. ഇനി, നാളെ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം.
ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാര്‍. എങ്ങും ആര്‍പ്പുവിളികള്‍. കുറ്റൂര്‍ നൈതലക്കാവ് ഭഗവതി ക്ഷേത്രമുറ്റം ദേശക്കാരാല്‍ നിറഞ്ഞു. ഭഗവതിയുടെ രാജകീയമായ വരവായിരുന്നു പിന്നെ. വഴിനീളെ വീട്ടുമുറ്റത്ത് പറകള്‍ നിരത്തി ഭക്തര്‍. കൂപ്പുകൈകളോടെ ഭഗവതിയെ വണങ്ങി. ഏഴു കിലോമീറ്റര്‍ ദൂരം ദേശക്കാരുടെ അകമ്പടിയില്‍ ഭഗവതി മുന്നോട്ട്. ചാറ്റല്‍മഴയിലും തട്ടകക്കാര്‍ ഭഗവതിയ്ക്കു അമ്പടിയേകാന്‍ മല്‍സരിച്ചു. കുറ്റൂര്‍ ദേശത്തിന്‍റെ മനസു നിറഞ്ഞ യാത്ര. വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ മണികണ്ഠനാല്‍ തറയില്‍ എത്തിയതോടെ പാണ്ടിമേളത്തിന്‍റെ ആഘോഷമായിരുന്നു കണ്ടത്. കക്കാട് രാജപ്പന്‍ മാരാരുടെ പ്രാമാണിത്വത്തില്‍ പാണ്ടിമേളം കൊട്ടിക്കയറിയതോടെ പൂരപ്രേമികളുടെ കൈവിരലുകള്‍ വാനില്‍ ഉയര്‍ന്നു.
ശ്രീമൂലസ്ഥാനത്ത് എത്തിയ ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് വടക്കുന്നാഥനെ വണങ്ങിയ ദേവി നേരെ, തെക്കേഗോപുരവാതിലിനു സമീപത്ത് എത്തി. കൊമ്പുപറ്റിനും കുഴല്‍പറ്റിനും ശേഷം അടിയന്തികമാരാര്‍ ശംഖുവിളിച്ചു. കൊമ്പന്‍ എറണാകുളം ശിവുമാറിന്‍റെ പുറത്തേറി നൈതലക്കാവിലമ്മ തെക്കേഗോപുരവാതില്‍ തുറന്നു. പൂരപറമ്പില്‍ വല്ലാത്തൊരു വൈബായിരുന്നു ഈ സമയം. രാവിലെ മുതല്‍ ജനസാഗരമായി മാറിയ തെക്കേഗോപുരനടയില്‍ പ്രത്യേകതരം ഊര്‍ജം പൂരപ്രേമികള്‍ക്കു കൈവന്ന നിമിഷം.
ദേവഗുരുവായ കണിമംഗലം ശാസ്താവിന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാണ് തെക്കേഗോപുരവാതില്‍ തുറക്കുന്നത്. തൃശൂര്‍ പൂരത്തില്‍ നൈതലക്കാവിലമ്മയ്ക്കു ലഭിച്ച നിയോഗം. തിങ്ങിനിറഞ്ഞ പൂരപറമ്പിനെ വണങ്ങി കൊമ്പന്‍ ശിവകുമാര്‍ ദേവിയുമായി തട്ടകത്തേയ്ക്കു മുടങ്ങി. ശ്രീമൂലസ്ഥാനത്ത് പ്രദക്ഷിണം ചെയ്ത ശേഷമായിരുന്നു ആ മടക്കം. ഇനി തൃശൂരിന് ഒറ്റത്താളമേയുള്ളൂ. പൂരത്താളം. നാളെ കാണാം വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം.