പൂരനഗരിയെ സാക്ഷിയാക്കി, പുരുഷാരം നോക്കിനിൽക്കേ സാംപിൾ വെടിക്കെട്ട് വർണവിസ്മയമായി പെയ്തിറങ്ങി. ആദ്യം തിരുവമ്പാടിയും പിന്നെ പാറമേക്കാവും വാശിയോടെ വെടിക്കെട്ട് ഗംഭീരമാക്കി.
വടക്കുംനാഥൻ സാക്ഷി, മാനത്തു വിരിഞ്ഞ അമ്പിളിയും സാക്ഷി.. പൂര പുരുഷാരം സാക്ഷി. ഒറ്റ അക്ക വർഷത്തിന്‍റെ അനുവാദത്തിൽ ഇക്കുറി സാംപിൾ ആദ്യം പെരുക്കി തുടങ്ങിയത് തിരുവമ്പാടി. ഓലപ്പടക്കം തൊട്ട് ഗുണ്ടും കുഴിമിന്നലും ഡൈനയും പരസ്പരം മത്സരിച്ചു പൊട്ടി. പൂരപ്രേമികളെ ത്രസിപ്പിച്ച തിരുവമ്പാടി ദേശത്തിന്‍റെ കൂട്ടപ്പൊരിച്ചിൽ....
രണ്ടാമൂഴം പാലിച്ചു പാറമേക്കാവ് പതികാലത്തിൽ തുടങ്ങി.. ശബ്ദവും വർണ്ണങ്ങളും മത്സരിച്ച് വടക്കുംനാഥന്‍റെ അപ്പുറവും ഇപ്പുറവും പൊട്ടിതീർന്നപ്പോൾ കാതോരം പറഞ്ഞതുപോലും കേൾക്കാൻ പറ്റിയില്ല. ഉശിരൻ ശബ്ദ വിസ്മയം ആസ്വദിച്ചു പൂരപ്രേമികൾ മടങ്ങി.. നാളെ വിളംബരം ചെയ്യാൻ വീണ്ടുമെത്താൻ.