rabies

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ തെരുവുനായ കടിച്ച് ചികില്‍സയിലായിരുന്ന ഏഴ് വയസുകാരി മരണപ്പെട്ട സംഭവം നാടിന് തീരാവേദനയാകുകയാണ്. മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്തെത്തിയ തെരുവുനായകളാണ് കുഞ്ഞിനെ കടിച്ചുകീറിയതെന്ന് കണ്ണീരോടെ പറഞ്ഞ് വിലപിക്കുകയാണ് മരണപ്പെട്ട നിയ ഫൈസലിന്‍റെ അമ്മ. ‘ഇനിയും വളര്‍ത്ത്, കുറേ പട്ടികളെ കൂടി വളര്‍ത്തി വിട്. കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയാ, ഇവിടെ തന്നെ പട്ടികള്‍ വളര്‍ന്നുകേറി പോകുന്നത് കണ്ടില്ലേ’ എന്നാണ് ആശുപത്രിയില്‍ വച്ച് നിയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ഈ അവസ്ഥ മറ്റൊരാള്‍ക്കും വരരുത്, പറയാന്‍ വാക്കുകളില്ലെന്ന് നിയയുടെ അച്ഛന്‍ പറയുന്നു

‘അവിടെ വേസ്റ്റ് കൊണ്ടിടല്ലേ എന്ന് എല്ലാവരോടും പറഞ്ഞതാ. അത് തിന്നാന്‍ വന്ന പട്ടികളാ എന്‍റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചുവിട്ട പട്ടിയാ എന്‍റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാനോടി ചെല്ലുമ്പോ എന്‍റെ കുഞ്ഞിനെ കടിച്ചുപറിക്കുവാരുന്നു. അപ്പഴേ എടുത്തോണ്ട് പോയി ഞാന്‍. ഇപ്പോ ദാ കൊണ്ടുപോയി എനിക്കിനി കാണാനില്ല. എന്‍റെ കുഞ്ഞിന് ഇല്ലാത്ത സ്ഥാനമാണ് പട്ടിക്കുണ്ടായത്’ എന്നുപറഞ്ഞ് നിലവിളിച്ച് കരയുന്ന ആ അമ്മയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാനാകും?.

കൊല്ലം പത്തനാപുരം വിളക്കുടി ജാസ്മിൻ മൻസിലിൽ നിയ ഫൈസലാണ് തെരുവുനായയുടെ ആക്രമണത്തിനു പിന്നാലെ പേവിഷ ബാധയേറ്റ് മരിച്ചത് . ഏപ്രിൽ 28ന് പേവിഷബാധ സ്ഥിരീകരിച്ച പെൺകുട്ടിയെ നാല് ദിവസം മുമ്പാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു കുട്ടി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഏപ്രിൽ എട്ടിനാണ് കുട്ടി ‌തെരുവുനായ ആക്രമണത്തിന് ഇരയായത്. മൂന്നു ഡോസ് വാക്സീനെടുത്തിട്ടും പേവിഷ ബാധയേറ്റു. 

ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നു കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത് എന്നത് അതീവ ഗൗരവമായ കാര്യമാണ്. അതിനിടെ പേവിഷ പ്രതിരോധ വാക്സീൻ ഫലപ്രദമല്ലെന്നുള്ള ആക്ഷേപങ്ങൾ തള്ളി ആരോഗ്യ വകുപ്പ് രംഗത്തെത്തി. കൊല്ലത്ത്  വാക്സീൻ എടുത്ത കുട്ടിക്ക് പേവിഷ ബാധയേറ്റത് കയ്യിലെ നാഡീ ഞരമ്പിൽ കടിയേറ്റത് കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു. പ്രതിരോധ മരുന്ന് പ്രവർത്തിച്ചു തുടങ്ങും മുമ്പ്  വൈറസ് തലച്ചോറിലെത്താൻ ഇത് കാരണമായി. മൂന്ന് ഡോസ് വാക്സീൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചത് സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.  വാക്സീൻ ഉപയോഗിച്ച സമയം, രീതി തുടങ്ങിയവ പരിശോധിക്കാൻ വാക്സീൻ ടെക്നിക്കൽ കമ്മിറ്റി ഉടൻ യോഗം ചേരും.

ENGLISH SUMMARY:

A seven-year-old girl died from rabies in Trivandrum. The deceased has been identified as Niya Faisal from Jasmine Manzil, Vilakkudy, Pathanapuram in Kollam district. She was admitted to the hospital four days ago after being diagnosed with rabies on April 28. The child was on ventilator support during treatment. The infection followed an incident on April 8 when a stray dog attacked her.