rajan-k-mr-ajithkumar-1

തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെ കുരുക്കി മന്ത്രി കെ.രാജന്‍റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. പ്രശ്നസാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും മൊഴി.ഡി.ജി.പിയുടെ സംഘം അടുത്ത ആഴ്ച എം.ആര്‍. അജിത്കുമാറിന്‍റെ മൊഴിയെടുക്കും.

പൂരം കലക്കല്‍ തടയുന്നതില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് വീഴ്ചയുണ്ടായോ?  വീഴ്ചയുണ്ടായെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് ഇക്കാര്യം അന്വേഷിക്കുന്ന ഡിജിപി ദര്‍വേഷ് സാഹിബിന്‍റെ സംഘത്തിന് പൂരം നടത്തിപ്പിന്‍റെ മുഖ്യചുമതലയുണ്ടായിരുന്ന മന്ത്രി കെ.രാജന്‍ നല്‍കിയത്. പൂര ദിവസം രാവിലെ മുതല്‍  അജിത്കുമാര്‍ തൃശൂരിലുണ്ടായിരുന്നു. പലതവണ ഫോണിലും നേരിട്ടും സംസാരിച്ചു. തെക്കോട്ടിറക്ക സമയത്ത് പൊലീസിന്‍റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായി.

പിന്നീട് അജിത്കുമാറിനെ കണ്ടപ്പോള്‍ രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന നിര്‍ദേശവും നല്‍കി. എന്നാല്‍ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിയായിട്ടും ചെയ്തില്ല. പൂരം തടസപ്പെട്ട സമയത്ത് പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്സണല്‍ നമ്പരില്‍ വിളിച്ചപ്പോളും എടുത്തില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ട്. 

തൃശൂരിലുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോള്‍ എഡിജിപി ഇടപെട്ടില്ലെന്നും അത് ഗുരുതര വീഴ്ചയെന്നുമായിരുന്നു ഡി.ജി.പിയുടെ ആദ്യ റിപ്പോര്‍ട്ട്. അത് ശരിവെക്കുന്നതാണ് മന്ത്രിയുടെ മൊഴി. അതിനാല്‍ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് അജിത്കുമാറിനെതിരാകാനുള്ള സാധ്യതയേറി.

മന്ത്രിയുടെ കുറ്റപ്പെടുത്തലിന് അജിത്കുമാറിന്‍റെ വിശദീകരണമെന്തെന്നാണ് ഇനി അറിയേണ്ടത്. അടുത്ത ആഴ്ച തന്നെ നോട്ടീസ് നല്‍കി മൊഴിയെടുക്കും. അതോടെ അന്വേഷണം പൂര്‍ത്തിയാക്കി ഡി.ജി.പി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. 

ENGLISH SUMMARY:

Minister K.Rajan's statement implicating ADGP MR Ajithkumar in Thrissur Pooram Kalakal. When he called during the Pooram break, he was not answered. He also said that despite warning that there was a possibility of trouble, no action was taken. The DGP's team will record MR Ajithkumar's statement next week.