കഞ്ചാവ് കേസിനും പുലിപ്പല്ല് കേസിനും പിന്നാലെ വേടനെതിരെ മുമ്പ് ഉയര്‍ന്ന മീടൂ ആരോപണങ്ങള്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ രണ്ട് പക്ഷേ തന്നെ രൂപപ്പെട്ടിരുന്നു. വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് എഴുത്തുകാരി സാറ ജോസഫ്. ഒരു ദലിത് പെൺകുട്ടി സമൂഹത്തിൽ നിന്നുള്ള ജാതിവിവേചനം, ലിംഗവിവേചനം, വർണ്ണവിവേചനം, വർഗവിവേചനം എന്നിവയോടൊപ്പം സ്വന്തംസമുദായത്തിലെ പുരുഷാധികാരത്തിൻ്റെ വിവേചനം കൂടി അനുഭവിക്കുന്നവളാണ് എന്നറിയണമെന്ന് സാറ ജോസഫി പറഞ്ഞു. നിനക്ക് ശക്തികിട്ടണമെങ്കിൽ നിന്‍റെ മനസ്സിൽ കുറ്റബോധമില്ലാതിരിക്കണമെന്നും മുകളിൽ പറഞ്ഞ അതിജീവിതയോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുകയെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സാറ ജോസഫ് പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നാലെ വേടന്‍ വ്യക്തിപരമായി മാപ്പ് പറഞ്ഞില്ലെന്ന് അതിജീവതമാര്‍ വിവിധ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വേടാ, "എന്നോട് ചെയ്ത വയലൻസുകൾ ഏറ്റുപറഞ്ഞ് വേടൻ മാപ്പു പറയണം" എന്ന് അതിജീവിതയായവൾ ആവശ്യപ്പെട്ടിരിയ്ക്കുന്നു. ഓരോ ലൈംഗികാതിക്രമവും കൊലചെയ്യപ്പെട്ട അനേകം പെൺകുട്ടികളുടെ നിലവിളികളായി മണ്ണിനടിയിൽ നിന്ന് ആഞ്ഞുയരുന്നത് നീ കേൾക്കണം. അതിൽ കുഞ്ഞുപെൺമക്കളുടെ നിലവിളികളുമുണ്ട്. കാറ്റിലാടുന്ന രണ്ടു കുഞ്ഞുകമ്മീസുകളുടെ ചിത്രം മനസ്സിൽ നിന്ന് മായരുത്. ജാതിക്കൊലപോലെ നീതികിട്ടാതെ പോവുകയാണ്, നിന്‍റെ ചേച്ചിമാരുടെ, അനിയത്തിമാരുടെ, സ്നേഹിതമാരുടെ, അമ്മമാരുടെ നേർക്കുനടന്നിട്ടുള്ള ലൈംഗികകുറ്റകൃത്യങ്ങൾ എന്ന് നീ തിരിച്ചറിയണം.
ഒരു ദലിത് പെൺകുട്ടി സമൂഹത്തിൽ നിന്നുള്ള ജാതിവിവേചനം, ലിംഗവിവേചനം, വർണ്ണവിവേചനം , വർഗവിവേചനം എന്നിവയോടൊപ്പം സ്വന്തംസമുദായത്തിലെ പുരുഷാധികാരത്തിൻ്റെ വിവേചനം കൂടി അനുഭവിക്കുന്നവളാണ് എന്നറിയണം. ഇവരെപ്പറ്റിയൊക്കെ നീ പാടണം.
മണ്ണിനടിയിലും മണ്ണിനുമുകളിലും നിന്നു കേൾക്കുന്ന അവരുടെ നിലവിളികളെ നിന്‍റെ പാട്ടിലേയ്ക്കാവാഹിക്കണം. അതിനെ കൊടുങ്കാറ്റാക്കി മാറ്റണം. അതിന് നിനക്ക് ശക്തികിട്ടണമെങ്കിൽ നിന്‍റെ മനസ്സിൽ കുറ്റബോധമില്ലാതിരിക്കണം.
മുകളിൽ പറഞ്ഞ അതിജീവിതയോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുക. ഇതുവരെ ചെയ്തവരുടേതല്ലാ നിന്‍റെ വഴി. നീ വെട്ടിയ വഴിയിൽ നിനക്ക് പതറിച്ചയുണ്ടാവരുത്.