പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ഥി വ്യാജ ഹാള്‍ടിക്കറ്റുമായി എത്തിയതില്‍ വഴിത്തിരിവ്. നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്‍റര്‍ ജീവനക്കാരിയാണ് ഹാള്‍ടിക്കറ്റ് നല്‍കിയതെന്ന് പിടിയിലായ വിദ്യാര്‍ഥിയുടെ അമ്മ മൊഴി നല്‍കി. അക്ഷയ സെന്‍ററിനെക്കുറിച്ച് നെയ്യാറ്റിന്‍കര പൊലീസ് അന്വേഷിക്കും
പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലാണ് പാറശാല സ്വദേശിയായ വിദ്യാര്‍ഥി ഹാള്‍ ടിക്കറ്റുമായി എത്തിയത്. ആദ്യപരിശോധയില്‍ തന്നെ സംശയം തോന്നിയെങ്കിലും പരീക്ഷ എഴുതാന്‍ അനുവദിച്ചു. വിശദമായ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഹാള്‍ടിക്കറ്റിന്‍റെ പകുതി ഭാഗം മറ്റൊരു വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ ആയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നെയ്യാറ്റിന്‍ കരയിലെ അക്ഷയ സെന്‍റററില്‍ ആണ് അപേക്ഷിച്ചതെന്ന് അമ്മ പറഞ്ഞു. അവിടുത്തെ ജീവനക്കാരിയാണ് ഹാള്‍ ടിക്കറ്റ് കൈമാറിയത്
എവിടെയാണ് തട്ടിപ്പ് നടന്നത് എന്നതില്‍ വിശദ പരിശോധന വേണ്ടിവരും. പത്തനംതിട്ടയിലെ മറ്റൊരു സ്കൂളാണ് സെന്‍റര്‍ നല്‍കിയിരുന്നത്. ഒരുലക്ഷത്തോളം ചെലവിട്ട് വിദ്യാര്‍ഥി നീറ്റ് പരീക്ഷാ പരിശീലനവും നേടിയിരുന്നു. പിഴവ് ആദ്യം തിരിച്ചറിയാതിരുന്നതിലും അരമണിക്കൂര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചതിലും പരീക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടോ എന്നും പരിശോധിക്കേണ്ടി വരും.