മീൻ വാങ്ങാൻ ഇനി ഇരട്ടി വില നൽകണം. 800 രൂപയിൽ എത്തിയ ആവോലിക്കും നെയ്മീനും ഇനിയും വില ഉയരും. ലഭ്യത കുറഞ്ഞതോടെ ചെറുമീനുകൾക്കും വിലക്കയറ്റം രൂക്ഷമായി. മഴക്കാലമായാൽ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നാണ് മൽസ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
ഈസ്റ്ററും റംസാനും കഴിഞ്ഞതോടെ മീൻ കച്ചവടക്കാരുടെ കഷ്ടകാലം തുടങ്ങി. വേനൽ കടുത്തതിനാൽ മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതോടെ മീൻ ലഭ്യത കുറഞ്ഞു. മീനുകൾക്കെല്ലാം പൊള്ളുന്ന വില. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, പോണ്ടിച്ചേരി, ഒഡീഷ തുടങ്ങിയ ഇടങ്ങളിൽ ട്രോളിങ് നിലനിൽക്കുന്നതും തിരിച്ചടിയായെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു. ബോട്ടുടമകളും പ്രതിസന്ധിയിലാണ്. ഇന്ധന ചെലവും തൊഴിലാളികളുടെ കൂലിയുമടക്കം നഷ്ടം മാത്രം മിച്ചം.
സാധാരണ ആഘോഷ സീസണുകൾക്ക് ശേഷം വിലകുറയുകയായിരുന്നു പതിവ് ഇതാദ്യമായാണ് വില കൂടുന്നതെന്ന് കച്ചവടക്കാർ പറയുന്നു. വേണ്ടത്ര മീൻ കിട്ടാത്തതിനാൽ ചെറുകിടക്കാർ പലരും താൽക്കാലികമായി കച്ചവടം നിർത്തിയ മട്ടാണ്.