തിരുവനന്തപുരം നെയ്യാറ്റിൻകര മേഖലയിൽ ഒരേ ഇനം മല്‍സ്യം കഴിച്ച മുപ്പത്തഞ്ചോളം പേർക്ക് ഭക്ഷ്യവിഷബാധ. കാഞ്ഞിരംകുളം, ഊരമ്പ്, ചാമവിള, കുറുവാട് എന്നീ തീരദേശ മേഖലകളിലുള്ളവരാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്. രണ്ടുമൂന്നു ദിവസങ്ങള്‍ക്കിടെ ഈ പ്രദേശങ്ങളിൽ നിന്ന് ആളുകള്‍ കൂട്ടമായി ചികിത്സ തേടിയെത്തുന്നുണ്ട്.
ഛർദി, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ കുട്ടികളടക്കം മുപ്പത്തഞ്ചോളം പേരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി, കാരക്കോണം മെഡിക്കൽ കോളേജ്, സമീപത്തെ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചികിത്സ തേടിയെത്തിയവരിൽ നടത്തിയ അന്വേഷണത്തിലാണ് എല്ലാവരും 'ചെമ്പല്ലി' ഇനത്തില്‍പ്പെട്ട മീൻ കഴിച്ചിരുന്നു എന്ന് ബോധ്യപ്പെട്ടത്. പുതിയതുറ, പഴയകട, പുത്തൻകട തുടങ്ങിയ തീരദേശ ചന്തകളിൽ നിന്നാണ് ഇവർ മീൻ വാങ്ങിയത്.
മീൻ പഴകിയതാണോ അതോ കേടാകാതിരിക്കാന്‍ രാസവസ്തുക്കൾ ഉപയോഗിച്ചതാണോ വിഷബാധയ്ക്ക് കാരണം എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കുന്നുണ്ട്.