battery-explosion-kozhikode-medical-college

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വി‍ഭാഗത്തിലെ പൊട്ടിത്തെറിയില്‍ രോഗികള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍‍ കെ.വി.വിശ്വനാഥന്‍. ​യു.പി.എസ് മുറിയിലെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അത്യാഹിത വിഭാഗത്തില്‍ പുക ഉയരാനുള്ള കാരണമായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളജിലെ പഴയ അത്യാഹിത വിഭാഗം പ്രവര്‍ത്തനം തു‍ടങ്ങി.

അത്യാഹിത വിഭാഗത്തിലെ പൊട്ടിതെറിക്ക് പിന്നാലെ രോഗികള്‍ നേരിട്ട പ്രശ്നങ്ങള്‍ സംബന്ധിച്ചാണ് അഞ്ചംഗ സമിതി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്‍റെ നേത്യത്വത്തിലാണ് സമിതി. രോഗികളെ ആശുപത്രി മാറ്റിയതിലടക്കം വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് സമിതി പരിശോധിക്കും. പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം പൂര്‍വസ്ഥിതിയിലാവാന്‍ ഒരു മാസം സമയം എടുക്കും. വാര്‍ഡുകളുടെ പ്രവര്‍ത്തനം ഇന്ന് തന്നെ തു‍ടങ്ങാനാവും. ചൊവ്വാഴ്ചയോടെ അത്യാഹിത വിഭാഗം ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തന സജ്ജനമാകും.

മെഡിക്കല്‍ കോളജിലെ പഴയ കാഷ്വാലിറ്റിയില്‍ രാവിലെ മുതല്‍ രോഗികള്‍ എത്തി തുടങ്ങി. പൊട്ടിത്തെറിയുണ്ടായ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്നുള്ള ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചു. പുക ഉയര്‍ന്ന ​യു.പി.എസ് മുറിയിലെ സി.സി.ടി.വിയും പരിശോധിക്കും. ജീവനക്കാരുടെ മൊഴിയും എടുക്കും. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബാറ്ററി പൊട്ടിത്തെറിച്ചതായാണ് കണ്ടെത്തല്‍. 34 ബാറ്ററികളും കത്തി നശിച്ചു. 

ENGLISH SUMMARY:

Following the battery explosion in the UPS room of Kozhikode Medical College’s emergency wing, a five-member committee has been appointed to investigate the issues faced by patients. The Electrical Inspectorate confirmed that the smoke originated from the battery blast due to a short circuit. The older casualty unit has resumed functioning, and full restoration of the emergency block is expected within a month.