വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിങിന് പിന്നാലെ രണ്ടാംഘട്ട നിർമാണം ഉടൻ തുടങ്ങാൻ ധാരണ. ജൂണിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ഇന്നലെ ഗൗതം അദാനിയുമായി തുറമുഖ മന്ത്രി വി.എൻ. വാസവൻ നടത്തിയ ആശയവിനിമയത്തിലാണ് ധാരണയായത്. നിർമാണോൽഘാടനത്തിന് സൗകര്യമുള്ള തിയ്യതി അറിയിക്കാൻ അദാനിയോട് മന്ത്രി വാസവൻ ആവശ്യപ്പെട്ടു.
ഒന്നാം ഘട്ടത്തിന്റെ കമ്മീഷനിങ്ങിന് ശേഷം വിഴിഞ്ഞത്തേക്ക് കൂടുതൽ കപ്പലുകൾ എത്തുകയാണ്. ഈമാസം 22 വരെ മാത്രം നാൽപ്പതോളം കപ്പലുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
അതേസമയം, വിഴിഞ്ഞം കമ്മീഷനിങ്ങ് കഴിഞ്ഞിട്ടും രാഷ്ട്രീയ പോർവിളികൾ തുടരുന്നു. സിപിഎം ക്രെഡിറ്റ് തട്ടിയെടുത്തെന്ന് യുഡിഎഫ് ആരോപിക്കുമ്പോൾ ഉദ്ഘാടന വേദിയിൽ ആദ്യം എത്തി ഇരിപ്പടം പിടിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെതിരെ ആരോപണം ശക്തമാക്കുകയാണ്. എല്‍ഡിഎഫ് സമൂഹമാധ്യമങ്ങളൽ ഉൾപ്പെടെ വിമർശനവും പരിഹാസവും തുടരുമ്പോഴും പ്രതികരിക്കാൻ രാജിവ് ചന്ദ്രശേഖർ തയ്യാറായിട്ടില്ല. കമ്മീഷനിങ്ങിൽ കണ്ടത് ബിജെപി-സിപിഎം ഒത്തുകളിയെന്ന ആക്ഷേപമാണ് യുഡിഎഫ് ഉയർത്തുന്നത്.
ഇന്ന് ആലപ്പുഴയിലും കൊച്ചിയിലും രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കുന്ന അദ്ദേഹം മറുപടി നൽകുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. അതിനിടെ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെ ഒട്ടേറേ നേതാക്കൾ രാജീവിന്റേത് അൽപ്പത്തരം എന്ന ആക്ഷേപവുമായി രംഗത്തെത്തി.