രഹസ്യ യോഗം നടത്തിയ ആര്‍.എസ്.എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരെ രക്ഷിച്ച് സർക്കാർ വീഴ്ച. ശിക്ഷാ നടപടിയോ അന്വേഷണമൊ പ്രഖ്യാപിക്കാത്തതിനാൽ ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്ഥലംമാറ്റം സ്റ്റേ ചെയ്തു. ഇതും പുറത്തറിഞ്ഞതോടെ ഗതികെട്ട് അന്വേഷണം പ്രഖ്യാപിച്ച് ജയിൽ മേധാവി.
സംസ്ഥാനത്തെ വിവിധ ജയിലുകളിലെ 18 ഉദ്യോഗസ്ഥരായിരുന്നു കുമരകത്തെ റിസോർട്ടിൽ ജനുവരി 17 ന് ഒത്തു ചേർന്നത്. ഒരേ മനസുള്ളവരുടെ കൂട്ടായ്മക്ക് തുടക്കമെന്ന് കാണിച്ച് ഇവർ പങ്കുവെച്ച ഫോട്ടോക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇത് ആർ എസ് എസ് കൂട്ടായ്മയെന്ന് കണ്ടെത്തിയത്.
സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ കൂട്ടായ്മ പാടില്ലന്ന ചട്ടം ലംഘിച്ചെന്നും കുറ്റവാളികളെ ഉൾപ്പെടെ സംഘടിപ്പിക്കുക ലക്ഷ്യമാണെന്ന് ബോധ്യമായിട്ടും ജയിൽ വകുപ്പ് കടുത്ത നടപടിയെടുത്തില്ല. 18 പേരെയും സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. സ്ഥലംമാറ്റ ഉത്തരവിൽ അച്ചടക്ക നടപടിയുടെ ഭാഗമെന്ന് രേഖപെടുത്തിയുമില്ല. ഇതാണ് ഇപ്പോൾ ഈ ഉദ്യോഗസ്ഥർ ആയുധമാക്കിയിരിക്കുന്നത്.
സ്ഥലംമറ്റപ്പെട്ട ഉദ്യോഗസ്ഥരിൽ 8 പേർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങി. പൊതുസ്ഥലംമാറ്റത്തിന് മുൻപുള്ള സ്ഥലംമാറ്റം തെറ്റെന്നായിരുന്നു ഇവരുടെ വാദം. അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് ഉത്തരവിൽ ഇല്ലാത്തതിനാലും ഇവർക്കെതിരെ അന്വേഷണം പ്രഖ്യപിക്കാത്തതിനാലും ആർ.എസ്.എസ് കൂട്ടായ്മയുടെ കാര്യം ട്രൈബ്യൂണലിൽ ഉന്നയിക്കാൻ സർക്കാരിനായില്ല. സർക്കാർ അഭിഭാഷകൻ ഇക്കാര്യം മിണ്ടിയുമില്ല. ഇതാണ് രഹസ്യയോഗക്കാർക്ക് അനുഗ്രഹമായത്.
ഈ വീഴ്ച സർക്കാരിന്‍റെ ഒത്തുകളിയെന്ന ആരോപണം ഉയർന്നതോടെ ഇന്നലെ ജയിൽ മേധാവി അന്വേഷണം പ്രഖ്യാപിച്ചു. രഹസ്യയോഗം നടന്ന് മൂന്നര മാസത്തിന് ശേഷം.