കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ നാലുപേരും പുക ശ്വസിച്ചല്ല മരിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോർട്ട് റിപ്പോർട്ട്. ഗംഗാധരനും ഗോപാലനും മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി നിലച്ച അത്യാഹിത വിഭാഗത്തിൽ വൈദ്യുതി പുനഃസ്ഥാപിച്ചു.
അത്യാഹിത വിഭാഗത്തിലെ പൊട്ടിത്തെറിക്കും പുകയ്ക്കും പിന്നാലെ 4 പേരുടെ മരണം സ്ഥിരീകരിച്ചതോടെയാണ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യം ബന്ധുക്കൾ ഉയർത്തിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നാലു പേരും മരിച്ചത് അത്യാഹിത വിഭാഗത്തിലെ പൊട്ടിത്തെറിയാണെന്ന് പറയുന്നില്ല. പുക ശ്വസിച്ചതിൻ്റെ ലക്ഷണങ്ങളും കാണുന്നില്ല.
ഗംഗാധരനും ഗോപാലനും മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട് എന്നാൽ വടകര സ്വദേശി സുരേന്ദ്രന്റെയും വയനാട് സ്വദേശി നാസിറയുടെയും മരണ കാരണം വ്യക്തമല്ല.ആന്തരികാവയവങ്ങളുടെ പരിശോധന ഫലത്തിൽ മാത്രമെ മരണകാരണം വ്യക്തമാകു.
പൊട്ടിത്തെറിക്ക് പിന്നാലെ സ്ഥിരീകരിച്ച മരണങ്ങളിൽ ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൊട്ടിത്തെറി ഉണ്ടായ അത്യാഹിത വിഭാഗത്തിൻ്റെ താഴത്തെ നിലയിൽ ഭാഗികമായും 6 നിലകളിൽ പൂർണമായും വൈദ്യുതി പുനസ്ഥാപിച്ചു.
മെഡിക്കൽ കോളജിലെ പഴയ കാഷ്വാലിറ്റി നാളെ രാവിലെ മുതൽ അടിയന്തര ചികിത്സ ഉറപ്പാക്കും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് 3 ദിവസത്തിനുള്ളിൽ പൂർണ തോതിൽ സജ്ജമാക്കും. പൊട്ടിത്തെറി ഉണ്ടായതിൻ്റെ പേരിൽ ബി ജെ പി ജില്ലാ പ്രസിഡൻ്റ് പ്രകാശ് ബാബുവിൻ്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസ് ഉപരോധിച്ചു. മുഴുവൻ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി