നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷ സ്ഥാനത്തില്‍ മാറ്റമുണ്ടാകും. ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നീ പേരുകളാണ് പരിഗണനയിൽ ഉള്ളത്. ക്രൈസ്തവ സമുദായത്തിന്  കോൺഗ്രസിനോടുള്ള അത്യപ്തി പരിഗണിച്ച്, ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള ഒരാളെ അധ്യക്ഷനാക്കണമെന്നാണ് പൊതുവികാരം. 

താൻ മാറുകയാണെങ്കിൽ കണ്ണൂരിൽ നിന്നു തന്നെയുള്ള സണ്ണി ജോസഫ് വരണമെന്നാണ് കെ. സുധാകരൻ ആഗ്രഹിക്കുന്നത്. കേരളത്തിലുള്ള എ.ഐ.സി.സി പ്രതിനിധികൾ മാറ്റം വേണമെന്ന പൊതുവികാരം അറിയിച്ചിട്ടുണ്ട്. 

അതേസമയം,  തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെപിസിസി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. താഴെത്തട്ടിലെ പരാതികൾ പരിഹരിക്കാൻ നിലവിൽ ജില്ലാതലത്തിൽ കോർ കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റിയുടെ ഇടപെടലിൽ പരിഹാരമാകാത്ത പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാണു പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. കെപിസിസി വർക്കിങ് പ്രസിഡന്റുമാർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അടുത്തമാസം ഓരോ ദിവസവും ഓരോ ജില്ല സന്ദർശിച്ചു പരാതികൾ കേൾക്കും. ഡിസിസി പ്രസിഡന്റ്, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എന്നിവരും ഇവർക്കൊപ്പമിരിക്കും. മേയ് ആറിന് സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്കു പിന്നാലെ നേതാക്കളുടെ പര്യടനം ആരംഭിക്കും.

ഈ വർഷമവസാനം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതു മുതൽ പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ ഓരോ വാർഡിലും 21 അംഗ സമിതിക്കു കോൺഗ്രസ് രൂപം നൽകും. 5 വീതം വനിതകൾ, യുവാക്കൾ എന്നിവരുൾപ്പെട്ട സമിതി വാർഡു തലത്തിൽ ഭവന സന്ദർശനം നടത്തും.

ENGLISH SUMMARY:

Ahead of the Nilambur by-election, a change in KPCC leadership is expected. Anto Antony and Sunny Joseph are being considered as front-runners, with strong support for appointing a leader from the Christian community amid growing dissatisfaction with the Congress.