കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ പൊട്ടിത്തെറിയില്‍ മൂന്നുപേരുടെ മരണത്തില്‍ പൊലീസ് കേസെടുത്തു. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍ , വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ മരണത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ആരോഗ്യ മന്ത്രി ഉച്ചയോടെ മെഡിക്കല്‍ കോളജില്‍ എത്തും. വിശദമായ അന്വഷണം ആരോഗ്യ വകുപ്പും നടത്തും. യുപിഎസ് മുറിയിൽ നിന്ന് പുക ഉയർന്ന പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സാങ്കേതിക അന്വേഷണവും നടത്തും.
തീപിടിത്തതിന് ശേഷം അത്യാഹിത വിഭാഗത്തിൽ മരണം സ്ഥിരീകരിച്ച രോഗികളുടെ പോസ്റ്റുമോർട്ടം നടത്തിയേക്കും. പുകയേറ്റാണ് പലരും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റുമോർട്ടം. കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം പൂട്ടിയതോടെ ബീച്ചാശുപത്രിയിൽ കൂടുതൽ ക്രമികരണങ്ങൾ ഏർപ്പെടുത്തി.
കൂടുതൽ ഡോക്ടർമാരെ സജ്ജീകരിച്ചാണ് ഇവിടെ അത്യാഹിത വിഭാഗം പ്രവർത്തിക്കുക. രണ്ടു ദിവസത്തിനകം കെട്ടിടത്തിലെ വയറിങ്ങിലും ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്നതിലും പരിശോധന നടത്തി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം പൂർവസ്ഥിതിയിലാക്കാൻ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ നിന്ന് ഇന്നലെ രാത്രി 7.30 ഓടെയാണ് തീയും പുകയും ഉയർന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പൊട്ടിത്തെറിയില്‍ ആരോഗ്യവകുപ്പിനെതിരെ കോണ്‍ഗ്രസ്. പ്രഖ്യാപിച്ച അന്വേഷണം പോരെന്നും, ആരോഗ്യ മന്ത്രി നേരിട്ടെത്തണമെന്നും ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. കെട്ടിടം നിര്‍മിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. അപകടമുണ്ടായപ്പോള്‍ എമര്‍ജന്‍സി എക്സിറ്റ് ഇല്ലാതിരുന്നത് വീഴ്ചയാണെന്നും രോഗികളെ എത്തിച്ച സ്വകാര്യ ആശുപത്രികള്‍ പണം ആവശ്യപ്പെട്ടെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.