എട്ട് പതിറ്റാണ്ട് കാലത്തെ വികസന സ്വപ്നത്തിനാണ് വിഴിഞ്ഞത്ത് ഇന്ന് പൂവണിഞ്ഞത്.സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ ആകെ വികസന മുന്നേറ്റത്തിനുള്ള നങ്കൂരം ആണ് വിഴിഞ്ഞത്തിൻ്റെ ആഴക്കടലിൽ പതിച്ചിരിക്കുന്നത്. എങ്കിലും പദ്ധതിയുടെ പൂർണ ഫലം അനുഭവിക്കാൻ ഇനിയും കടമ്പകൾ ഏറെയാണ്.
രാവിലെ 9.45നു രാജ്ഭവനിൽ നിന്ന് റോഡ് മാർഗം കനത്ത സുരക്ഷ വലയത്തിൽ പ്രധാനമന്ത്രി പാങ്ങോട് സൈനിക ക്യാമ്പിലേക്ക്.അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം വിഴിഞ്ഞമെന്ന സ്വപ്ന തുറമുഖത്ത് പറന്നിറങ്ങിയതോടെ ചരിത്രം അതിൻ്റെ പ്രയാണം പൂർത്തിയാക്കി. 8 പതിറ്റാണ്ട് കാലത്തെ സ്വപ്ന പദ്ധതി ഇനി രാജ്യത്തിന് സ്വന്തം. 9 മാസത്തെ ട്രയൽ റണ്ണിൽ ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾ ഉൾപ്പെടെ 286 കപ്പലുകളെ വരവേറ്റ്, 6 ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് പൂർണ സജ്ജമെന്നു തെളിയിച്ചാണ് വിഴിഞ്ഞ കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാൽ ഇന്ത്യയിലേക്കുള്ള കടൽ വ്യാപാരത്തിൻ്റെ കവാടമായി വിഴിഞ്ഞം അതിവേഗം മാറും.
നാലുഘട്ടങ്ങളിലായി പൂർത്തിയാക്കുന്നതാണ് വിഴിഞ്ഞത്തിൻ്റെ സമ്പൂർണ പദ്ധതി. അതിൻ്റെ ആദ്യ ഘട്ടമാണ് ഇപ്പൊൾ പൂർത്തിയായത്. രണ്ടും മൂന്നും ഘട്ടം സമായ ബന്ധിതമായി പൂർത്തിയാക്കി സമ്പൂർണ ഷേധിയിലേക്ക് തുറമുഖത്തെ മാറ്റുക എന്നതാണ് ഇനിയുള്ള വെല്ലുവിളി.
വിഴിഞ്ഞം അനുബന്ധ വികസനം ആണ് മറ്റൊരു പ്രധാന കടമ്പ. കര മാർഗം ചർക്കുകൾ നീക്കാനുള്ള റെയിൽ, റോഡ് കണക്റ്റിവിറ്റി ഇപ്പോഴും അകലെയാണ്.ഈ അടിസ്ഥാന സൗകര്യങ്ങളെ അടിസ്ഥാനമാക്കിയാണ് തുറമുഖത്തോട് ചേർന്ന് കൂടുതൽ വ്യവസായങ്ങളും വികസനവും ഉയർന്നു വരിക. എങ്കിൽ മാത്രമേ പദ്ധതി കൊണ്ട് പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ വിഴിഞ്ഞത്തെ പ്രദേശ വാസികൾക്കും കേരളത്തിനാകെയും ലഭ്യമാകൂ. അതുറപ്പാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് കേന്ദ്ര - സംസ്ഥാന സർക്കാറുകൾക്ക് ഉള്ളത്.