വിഴിഞ്ഞം തുറമുഖം കമ്മിഷനിങിനിടെ അദാനിയെ പാര്‍ട്ണര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍. ഉദ്ഘാടനത്തിന്‍റെ ശോഭ കെടുത്താനാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. അദാനിയും സംസ്ഥാനവും ചേര്‍ന്നാണ് തുറമുഖം യാഥാര്‍ഥ്യമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ പണം മുടക്കിയിട്ടില്ലെന്നും എന്നിട്ടും മോദിയെ ക്ഷണിച്ചത് സര്‍ക്കാരിന്‍റെ വീക്ഷണത്തെയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി വാസവന്‍റെ പ്രസംഗത്തിനിടെ അദാനിയെ പാര്‍ട്ണര്‍ എന്ന് വിശേഷിപ്പിച്ചത് പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. കമ്യൂണിസ്റ്റ് മന്ത്രി സ്വകാര്യപങ്കാളിത്തത്തെ പിന്തുണയ്ക്കുന്നുവെന്നും ഇതാണ് മാറിയ ഇന്ത്യയെന്നുമാണ് മോദി പ്രസംഗമധ്യേ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ശില്‍പിയെന്ന് വിശേഷിപ്പിച്ച മന്ത്രി വാസവന്‍ പിണറായി സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയാണ് പദ്ധതിയുടെ പൂര്‍ത്തീകരണമെന്നും പ്രശംസിച്ചിരുന്നു. തുടക്കത്തിലുണ്ടായിരുന്ന എല്ലാ പ്രതിസന്ധികളെയും പ്രക്ഷോങ്ങളെയും മറികടന്നുവെന്നും രാജ്യം ചരിത്ര നിമിഷത്തിന് സാക്ഷിയാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.