നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കരാറുകാർ തീരുമാനിച്ചതോടെ മലപ്പുറം ചോക്കാട്ടെ ജലജീവൻ പദ്ധതികളുടെ പ്രവർത്തനം നിലക്കുന്നു. കുടിശ്ശിക കുന്നുകൂടുകയും കരാറുകാർ പിൻമാറുകയും ചെയ്തതോടെയാണ് ജൽ ജീവൻപദ്ധതി നിർമ്മാണം മുടങ്ങിയത്. ചോക്കാട്, അമരമ്പലം പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി നാൽപ്പത് സെൻ്റിൽ നിർമ്മിക്കുന്ന പ്രധാന ജല സംഭരണി യുടെ നിർമ്മാണം, മൂന്ന് മാസമായി നിലച്ചമട്ടാണ്.
എല്ലാ നിർമ്മാണങ്ങളും നിർത്തിവെച്ചതായി കരാറുകാർ തദ്ദേശ സ്ഥാപനങ്ങൾക്ക് കത്തു നൽകിയിട്ടുണ്ട്. ഗ്രാമീണമേഖലയിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ചതാണ് ജൽജീവൻ പദ്ധതി. നിലവിൽ കരാറുകാർക്ക് ഭീമമായ തുക കുടിശ്ശിയുണ്ട്. 2019ൽ തുടങ്ങിയ ജൽ ജീവൻ പദ്ധതിയിൽ കേരളം ചേരുന്നത് 2021 ലാണ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 35 ശതമാനം നിർമ്മാണമാണ് പൂർത്തിയായതായി കരാറുകാർ പറയുന്നത്. മലപ്പുറം ജില്ലയിലെ കരുളായി, മൂത്തേടം, അമരമ്പലം, ചോക്കാട് എന്നിവിടങ്ങളിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയുടെ നിർമ്മാണമാണ് നിലച്ചിരിക്കുന്നത്. 9 കോടി ചെലവിലാണ് ടാങ്കിന്റെ നിർമ്മാണം. സർക്കാർ ഫണ്ട് നിലയ്ക്കുകയും കരാറുകാർ പണി നിർത്തി വയ്ക്കുകയും ചെയ്തതോടെ കുടിവെള്ളത്തിനായി കാത്തിരിപ്പ് തുടരേണ്ട ഗതികേടിലാണ് മലയോര മേഖലയിലെ ജനങ്ങൾ.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ, സംസ്ഥാന വിഹിതം അനുവദിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.