മലപ്പുറത്ത് ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും സ്വര്‍ണ്ണക്കടകളിലും വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിയത് 130 കോടിയിലേറെ രൂപ. ലാഭവിഹിതം നല്‍കാമെന്ന ഉറപ്പില്‍ പണം നിക്ഷേപിച്ച ആയിരങ്ങള്‍ക്കാണ് മുതലു തന്നെ നഷ്ടമായത്. എ.ഡി.ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന പേരില്‍ കോടികളുടെ സാമ്പത്തിക ചൂഷണം നടത്തി മുങ്ങിയ സംഘത്തിനെതിരെ കാര്യമായ നടപടി എടുക്കാന്‍ പരാതി നല്‍കിയിട്ടും കഴിയുന്നില്ല.
ഇത്തരത്തില്‍ പണം നഷ്ടമായവരില്‍ ഒരാളാണ് പ്രവാസിയായിരുന്ന അബൂബക്കര്‍. ഗള്‍ഫില്‍ നിന്നു മടങ്ങി വന്നപ്പോള്‍ സമ്പാദ്യമായി ആകെയുണ്ടായിരുന്ന അഞ്ചേകാല്‍ ലക്ഷം രൂപയാണ് എ.ഡി ഹൈപ്പര്‍മാര്‍ക്കറ്റിന് അബൂബക്കര്‍ നല്‍കിയത്. ഒരോ ലക്ഷം രൂപക്കും ഏതാണ്ട് 2500 രൂപ വീതം പ്രതിമാസം ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇന്‍എവിറ്റബിള്‍ എന്ന കമ്പനിയുടെ പേരില്‍ തട്ടിയെടുത്തത്. ഒന്നിനു പിറകെ ഒന്നായി വിവിധ ടൗണുകളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി. അതിനൊപ്പം നിക്ഷേപകരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരുന്നു.
പ്രാദേശിക ബന്ധമുളള ഏജന്റുമാര്‍ പറഞ്ഞു വിശ്വസിപ്പിച്ചാണ് പാവങ്ങളുടെ കോടികള്‍ കമ്പനി കൈക്കലാക്കിയത്. പത്തും പതിനഞ്ചും കോടി പിരിച്ചു നല്‍കിയ ഏജന്‍റുമാര്‍ വരെ കൂട്ടത്തിലുണ്ട്. കുറച്ചു മാസം ലാഭവിഹിതവും നല്‍കി. എന്നാല്‍ ഒരു സുപ്രഭാതം മുതല്‍ ലാഭവുമില്ല.മുതലുമില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ച തുകയെങ്കിലും മടക്കി നല്‍കണമെന്ന അപേക്ഷയുമായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ തട്ടിപ്പു നടത്തിയ സംഘത്തിലെ പ്രധാനികള്‍ എങ്ങോട്ടോ രക്ഷപ്പെട്ടു.