Picture Credits @ചെകുത്താൻchekuthan and @SanthoshVarkey
'ചെകുത്താന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന വ്ലോഗര്‍ അജു അലക്‌സിനെതിരെ പരാതിയുമായി നടി ഉഷ ഹസീന. സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കിക്കെതിരെ നിയമനടപടിയുണ്ടായതിന് പിന്നാലെയാണിത്. നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശം നടത്തിയതിനാണ് ‘ആറാട്ടണ്ണന്‍’ എന്ന് സമൂഹമാധ്യമത്തില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഉഷാ ഹസീനയാണ് ഇയാള്‍ക്കെതിരെയും പരാതി നല്‍കിയിരുന്നത്. ഈ കേസില്‍ പരാതിക്കാരായ നടിമാരെ അധിക്ഷേപിച്ചതിനാണ് ചെകുത്താനെതിരേ ഉഷാ ഹസീന പൊലീസിനെ സമീപിച്ചിരിക്കുന്നത്.
സന്തോഷ് വര്‍ക്കിക്കെതിരേ പരാതി നല്‍കിയ നടിമാരെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനാണ് അജു അലക്‌സിനെതിരെ ആലപ്പുഴ ഡിവൈഎസ്പിക്ക് ഉഷാ ഹസീന പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ അറസ്റ്റിലായ സന്തോഷ് വര്‍ക്കി നിലവില്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ മാസം 20നാണ് സന്തോഷ് വര്‍ക്കി ചില സിനിമാ നടിമാർക്കെതിരെ അശ്ലീല പരാമർശം സമൂഹമാധ്യമത്തില്‍ കുറിച്ചത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. ഇതിനുമുന്‍പും സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കുറിപ്പിനു പിന്നാലെ ഉഷ ഹസീനക്കൊപ്പം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവരും സന്തോഷ് വര്‍ക്കിക്കെതിരെ പരാതിയുമായി രംഗത്തെത്തി.
40 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം വേദനിപ്പിച്ചു എന്നാണ് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇയാളുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ടായിരുന്നു. നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത ഇയാളെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചിട്ടുണ്ട്. മറ്റ് നടിമാരോടും സമാനമായരീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാള്‍ വിവാഹ അഭ്യര്‍ഥനകള്‍ നടത്തിയിട്ടുണ്ട്.