മലയാളത്തിന്‍റെ അതുല്യ കലാകാരന്‍ ശ്രീനിവാസന് വിട. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്.
ഇതിനിടെ ശ്രീനിവാസന്‍റെ മരണത്തെ അപമാനിച്ച് യൂട്യൂബര്‍ ചെകുത്താന്‍ രംഗത്ത് എത്തി. എന്തിനാണ് ഇവര്‍ക്ക് ‘റെസ്റ്റ് ഇന്‍ സിനിമ’ എന്ന് പറയുന്നത്. ഒരു കണ്ടക്ടര്‍ മരിച്ചാല്‍ റെസ്റ്റ് ഇന്‍ കണ്ടക്ടര്‍ എന്ന് പറയുമോ, ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചാല്‍ റെസ്റ്റ് ഇന്‍ ഹോട്ടല്‍ എന്ന് പറയുമോ എന്നും ഇയാള്‍ വിഡിയോയിലൂടെ ചോദിക്കുന്നു. പിന്നാലെ അസഭ്യവര്‍ഷം നടത്തുന്നുമുണ്ട്.
നേരത്തെ നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് 'ചെകുത്താൻ' എന്ന അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറഞ്ഞിരുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്.