വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റെടുത്ത് കേന്ദ്രസര്‍ക്കാരിന്‍റെ പരസ്യം. ഇംഗ്ലീഷ് ദിനപത്രത്തിലാണ് പ്രധാനമന്ത്രിയുടെ ചിത്രം വെച്ച കേന്ദ്രസര്‍ക്കാരിന്‍റെ പരസ്യം പ്രസിദ്ധീകരിച്ചത്. തുറമുഖ കമ്മീഷനങ്ങിന്‍റെ ഭാഗമായുള്ള പരസ്യത്തില്‍ കേരളത്തിനെപ്പറ്റി ഒരു പരാമര്‍ശവുമില്ല. കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണ് കേരളത്തെ ഒഴിവാക്കി വിഴിഞ്ഞം പരസ്യം പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രവും പരസ്യത്തിലില്ല. 

കേന്ദ്രസര്‍ക്കാര്‍ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്താനാവില്ലെന്ന് വാദിക്കാമെങ്കിലും കേരളത്തിന്‍റെ സ്വന്തം പദ്ധതിയാണ്, കേന്ദ്രസര്‍ക്കാര്‍ വികസിത് ഭാരതത്തിന്‍റെ ഭാഗമെന്ന് ചൂണ്ടിക്കാട്ടി സ്വന്തം പദ്ധതിയെന്ന് അവകാശപ്പെട്ടിരിക്കുന്നത്.  8867 കോടിയാണ് പദ്ധതി ചിലവെന്ന് വിഴിഞ്ഞം തുറമുഖത്തിന്‍റെ വെബ്സൈറ്റില്‍ പറയുമ്പോള്‍ പതിനെണ്ണായിരം കോടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ പരസ്യത്തില്‍ പറയുന്നത് 

വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നത്തിന്‍റെ സുപ്രധാനഘട്ടം പിന്നിടുന്ന നിമിഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച നടക്കുന്ന തുറമുഖ കമ്മീഷനിങ്ങിനാണ് അദ്ദേഹമെത്തുന്നത്. നാളെ വൈകിട്ട് ഏഴരയോടെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് തുറമുഖത്ത് ചടങ്ങ്.

അതില്‍ പങ്കെടുത്ത ശേഷം ഉച്ചയോടെ അദേഹം മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത്. നാളെ വൈകിട്ട് 7.45ന് വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം റോഡ് മാര്‍ഗമാണ് രാജ്ഭവനിലേക്കെത്തുന്നത്. നാളെ വൈകിട്ട് ആറ് മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണമുണ്ടാകും. വെള്ളിയാഴ്ചയും ഗതാഗത ക്രമീകരണമുണ്ട്.

അതേസമയം, വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വീഡിയോ സതീശൻ പങ്കെടുത്തേക്കില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നത് വിവാദമായതിന് പിന്നാലെയാണ് ഇന്നലെ തുറമുഖമന്ത്രി ക്ഷണക്കത്ത് അയച്ചത്. പ്രതിപക്ഷത്തെ അപമാനിക്കാനുള്ള സർക്കാറിന്റെ നീക്കങ്ങൾക്ക് നിന്നു കൊടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസിലെ പൊതുവികാരം. ഇന്ന് തലസ്ഥാനത്തെത്തുന്ന പ്രതിപക്ഷ നേതാവ് മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കും. പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ലെങ്കിലും ഉദ്ഘാടന ചടങ്ങിൽ സ്ഥലം എംപിയായ ശശി തരൂർ എംഎൽഎയായ എം വിൻസന്റും പങ്കെടുക്കും.

ENGLISH SUMMARY:

The central government's advertisement related to the commissioning of Vizhinjam Port does not mention Kerala Chief Minister Pinarayi Vijayan. The ad, published in English dailies, makes no reference to the Kerala government. Only Prime Minister Narendra Modi is featured, and the commissioning is presented as part of the “Viksit Bharat” (Developed India) campaign.