വേടന്റെ അറസ്റ്റില്‍ അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രന്‍. വേടന്‍ രാഷ്ട്രീയബോധമുള്ള മികച്ച കലാകാരനാണ്. വേടന്റെ അറസ്റ്റിനിടയാക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ദൗര്‍ഭാഗ്യകരമായിപ്പോയി. അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി അയാള്‍ തിരിച്ചുവരേണ്ടതുണ്ട്. അതിനായി സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പ് വേടന്റെ ഒപ്പം ഉണ്ടാകും. ഇക്കാര്യത്തില്‍ നിയമപരമായ ചില പ്രശ്നങ്ങളുണ്ട്. അത് അതിന്റേതായ മാര്‍ഗങ്ങളില്‍ നീങ്ങട്ടെ. വേടന്റെ ശക്തമായ മടങ്ങിവരവിന് ആശംസകൾ നേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ലഹരിയും മദ്യവും നല്ല ശീലമല്ലെന്നും തിരുത്താന്‍ ശ്രമിക്കുമെന്നും വേടന്‍ പറഞ്ഞു. വനംവകുപ്പിന്‍റെ പുലിപ്പല്ല് കേസില്‍ ജാമ്യം കിട്ടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘എനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി, നല്ലൊരു മനുഷ്യനാകാന്‍ ശ്രമിക്കും. എന്നെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാര്‍ എന്നോട് ക്ഷമിക്കണം’ – വേടന്‍ വ്യക്തമാക്കി.
പുലിപ്പല്ല് മാല തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും സാധാരണക്കാരന് എങ്ങനെ പുലിപ്പല്ല് തിരിച്ചറിയാനാകും എന്നും വേടന്‍ കോടതിയില്‍ ചോദിച്ചു. തുടരന്വേഷണം ആവശ്യമെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു വനംവകുപ്പ് വാദം. വനം വകുപ്പിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പുലിപ്പല്ല് കേസില്‍ വേടന് കോടതി ജാമ്യം അനുവദിച്ചത്. വേടന് പുലിപ്പല്ല് നല്‍കിയെന്ന് പറയുന്ന രഞ്ജിത് കുമ്പിടി ആരെന്ന് കണ്ടെത്താനായില്ലെന്നും പുലിപ്പല്ല് കിട്ടണമെങ്കില്‍ പുലിയെ വേട്ടയാടിയിട്ടുണ്ടാവണമെന്നും വനംവകുപ്പ് കോടതിയില്‍ വാദിച്ചു. അതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു വനംവകുപ്പിന്‍റെ ആവശ്യം.
പുലിപ്പല്ല് മാല പൊതുചടങ്ങില്‍ വെച്ചാണ് സമ്മാനമായി ലഭിച്ചതെന്നും മൃഗവേട്ട ബാധികമാകില്ലെന്നും വേടന്‍ കോടതിയെ ധരിപ്പിച്ചു. ഒരു സെലിബ്രേറ്റിയാണ്. ഒളിവില്‍ പോകില്ല. കോടതി പറയുന്ന ഏത് വ്യവസ്ഥയും അംഗീകരിക്കും. പൂര്‍ണമായും സഹകരിക്കും എന്നും വേടന്‍റെ അഭിഭാഷന്‍ കോടതിയില്‍ വ്യക്തമാക്കി.
വനംവകുപ്പ് കൂടുതല്‍ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വേടന് ജാമ്യം ലഭിച്ചത്.കഞ്ചാവ് ഉപയോഗിച്ച കേസിലാണ് കഴിഞ്ഞ ദിവസം വേടന്‍ അറസ്റ്റിലാകുന്നത്. ആറ് ഗ്രാം കഞ്ചാവും ഒന്‍പതരലക്ഷം രൂപയും ആയുധവും ത്രാസും തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. രാത്രി പത്തുമണിയോടെ കഞ്ചാവ് കേസില്‍ വേടനുള്‍പ്പെടെ ഒന്‍പതുപേര്‍ക്കും ജാമ്യം ലഭിച്ചു. തുടര്‍ന്നാണ് കഴുത്തിലെ മാലയിലെ പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തി വനംവകുപ്പ് കേസെടുത്തത്.