കഞ്ചാവ് കേസിനു പിന്നാലെ പുലിപ്പല്ലിന്‍റെ പേരിലും കേസില്‍പ്പെട്ട് അറസ്റ്റിലായ വേടന് പിന്തുണയേറുകയാണ്. വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് സുനില്‍ പി. ഇളയിടമടക്കം സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരിക്കുകയാണ്.  സംഗീതത്തിന്‍റെ ജനാധിപത്യവത്കരണത്തിന് ഒരുപാട് ഊർജം പകർന്നതാണ് വേടന്‍റെ കല. വേടന്‍റെ കലയ്ക്കും അതിന്‍റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണമാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുനില്‍ പി. ഇളയിടം പങ്കുവച്ച കുറിപ്പ്;

പുലിപ്പല്ലു കോർത്ത മാല ധരിച്ചതിന്‍റെ പേരിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണ്. സാങ്കേതികമായി ഇക്കാര്യത്തിൽ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ല. പുലിനഖമാല മുതൽ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. അതിൻ്റെയെല്ലാം തെളിവുകൾ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷൻ ജാമ്യം കിട്ടിയ കേസിന്‍റെ തുടർച്ചയിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നമ്മുടെ പൊതുസംസ്കാരത്തിൽ നിലീനമായ സവർണ്ണതയെ ആഴത്തിൽ വെല്ലുവിളിക്കുന്നതാണ് വേടന്‍റെ കല. സംഗീതത്തിന്‍റെ ജനാധിപത്യവത്കരണത്തിന് ഒരുപാട് ഊർജ്ജം പകർന്ന ഒന്നാണത്. വേടന്‍റെ കലയ്ക്കും അതിന്‍റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം  കൂടിയാണ് ഈ നടപടി. കഞ്ചാവു കേസിൽ  നിയമപരമായ നടപടികൾ തുടരുമ്പോൾ തന്നെ ഇക്കാര്യത്തിൽ പുന:പരിശോധന നടത്താനും  വേണ്ട തിരുത്തലുകൾ വരുത്താനും അധികാരികൾ തയ്യാറാകണം.

പുലിപ്പല്ല് കേസില്‍ കൂടുതല്‍ വിവരങ്ങളും അതിനിടെ പുറത്തുവരുന്നുണ്ട്. വേടന്‍റെ മാലയിലെ പുലിപ്പല്ല് ലോക്കറ്റ് നിര്‍മിച്ചത് എട്ടുമാസം മുന്‍പാണെന്ന് വിയ്യൂരിലെ ജ്വല്ലറി ഉടമ സന്തോഷ് പറയുവന്നു. ലോക്കറ്റ് നിര്‍മിക്കാന്‍ മറ്റൊരാളാണ് സമീപിച്ചത്. പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു. പക്ഷേ ലോക്കറ്റ് വാങ്ങാന്‍ വേടനും എത്തിയിരുന്നു എന്നാണ് സന്തോഷ് വ്യക്തമാക്കുന്നത്. സന്തോഷിന്റെ ജ്വല്ലറിയില്‍ വേടനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പുലിപ്പല്ല് വെള്ളി പൊതിഞ്ഞ വിയ്യൂരിലെ സരസ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്.

ENGLISH SUMMARY:

Following the arrest of Vedan in a cannabis-related case, support is mounting for him, with Sunil P. Elayidom and others expressing their views on social media. Sunil criticized the arrest as inappropriate and needing correction. He praised Vedan for contributing significantly to the democratization of music, stating that the action against him is a severe attack on both his art and his political stance.