TOPICS COVERED

തൃശൂർ വടക്കാഞ്ചേരിയിൽ പത്രവിതരണം നടത്തി പഠനത്തിനായി പണം കണ്ടെത്തുന്ന വിദ്യാർഥിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. പാതയോരത്ത് നിർത്തിയിട്ട ബൈക്ക് സ്വകാര്യ ബസ് ഇടിച്ച് തകർത്തിട്ടും നയാപൈസ നഷ്ടപരിഹാരം നൽകാതെ ബസ് ജീവനക്കാർ കയ്യൊഴിഞ്ഞു. ഗതാഗതമന്ത്രിക്കും പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും വിദ്യാർഥി പരാതി നൽകി.

കഴിഞ്ഞ ദിവസം രാത്രിയോടെ അത്താണി സെന്‍ററിലാണ് അപകടം നടന്നത്. പാർളിക്കാട് പടിഞ്ഞാറൂട്ട് വീട്ടിൽ അച്യുതൻ - ശ്രീല ദമ്പതികളുടെ മകൻ ആദിത്യന്‍റെ ബൈക്ക് വഴിയരികിൽ നിർത്തിയിട്ടിരുന്നു. തൃശൂർ ഷോർണൂർ റൂട്ടിലോടുന്ന ലക്ഷ്മി എന്ന ബസാണ് ബൈക്കിലിടിച്ചത്. 

തൃശൂരിലെ സെന്‍റ് തോമസ് പ്രൈവറ്റ് കോളേജിൽ ബികോം രണ്ടാംവർഷ വിദ്യാർഥിയാണ് ആദിത്യൻ .  രാവിലെ പാർളിക്കാട് മേഖലയിൽ പത്ര വിതരണം നടത്തും. വൈകിട്ട് അത്താണിയിലെ മൊബൈൽ ഷോപ്പിൽ പാർട്ട് ടൈം ജോലി ചെയ്തും. ഇങ്ങനെയാണ് പഠനത്തിനാവശ്യമായ പണം കണ്ടെത്തുന്നത്.  ഒരു വർഷം മുമ്പ്  സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങി. പതിവുപോലെ അത്താണിയിലെ ഷോപ്പിൽ ജോലിക്കായെത്തി ബൈക്ക് വഴിയോരത്ത് നിർത്തിയിട്ടു. ഈ ബൈക്കിലാണ് നിയന്ത്രണം വിട്ട സ്വകാര്യബസ് ഇടിച്ചു കയറിയത്. ബൈക്ക് പൂർണ്ണമായും തകർന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബസ്സുടമയെ സമീപിച്ചെങ്കിലും ഉടമ കയ്യൊഴിഞ്ഞതായി വിദ്യാർഥി പറയുന്നു. 

ഇതിനു പിന്നാലെയാണ്, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും  ഗതാഗത മന്ത്രിക്കും പരാതി നൽകിയത്. ബൈക്ക് തകർന്നു തരിപ്പണമായതോടെ പത്ര വിതരണവും പ്രതിസന്ധിയിലായി. 

ENGLISH SUMMARY:

A private bus crashed into a bike parked on the roadside, causing significant damage. Despite the accident, the bus staff has refused to offer any compensation to the bike owner.