സംസ്ഥാനത്തെ അന്‍പതാമത്തെ ചീഫ് സെക്രട്ടറിയായി എ.ജയതിലക് ഇന്നു ചുമതലയേല്‍ക്കും. ദേശീയപാത വികസനം, വയനാട് പുനരധിവാസമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുക ലക്ഷ്യമെന്നു എ.ജയതിലക്. പട്ടികജാതി പദ്ധതി നടത്തിപ്പില്‍ ക്രമക്കേടു നടത്തിയെന്ന ജയതിലകിനെതിരെയുള്ള പരാതി പരിശോധിക്കാനായി കേന്ദ്ര വിജിലന്‍സ് കമ്മിഷന് ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
ശാരദാ മുരളീധരന്റെ പിന്‍ഗാമിയായാണ് എ.ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. 1991 ബാച്ചുകാരനായ ജയതിലക് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും പദവികളും വഹിച്ചശേഷമാണ് പദവിയിലേക്കെത്തുന്നു. നിലവില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ജയതിലക്. 2026 ജൂണ്‍ വരെ കാലാവധിയുണ്ട്. ദേശീയപാത വികസനം , വയനാട് പുനരധിവാസം, മലയോര ഹൈവേ തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നു ഉറപ്പുവരുത്തലാണ് ചീഫ് സെക്രട്ടറിയെന്ന നിലയിലുള്ള ആദ്യലക്ഷ്യമെന്നാണ് എ.ജയതിലകിന്റെ പ്രതികരണം. ചീഫ് സെക്രട്ടറി പദവിയിലേക്കെത്തും മുന്‍പാണ് കേന്ദ്ര ഫണ്ടു ഉപയോഗിച്ചുള്ള പദ്ധതി ടെന്‍ഡറില്ലാതെ സ്വകാര്യ കമ്പനിക്ക് കൈമാറിയെന്ന പരാതിയെത്തിയത്. കേന്ദ്ര വിജിലന്‍സ് കമ്മിഷന് പരാതി അന്വേഷിക്കാനായി ചീഫ് സെക്രട്ടറിക്ക് കൈമാറി. ജയതിലകിനെതിരെയുള്ള പരാതി ജയതിലക് തന്നെ അന്വേഷിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
ഇതു കൂടാതെ ഐ.എ.എസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്തിന്റെ പരാതിയും സര്‍ക്കാരിനു മുന്നിലുണ്ട്. വിജിലന്‍സ് കമ്മിഷനു മുന്നിലുള്ള പരാതിയില്‍ ആവശ്യമെങ്കില്‍ ജയതിലകിനെതിരെ മൊഴി നല്കാന് തയ്യാറാണെന്നു സമൂഹമാധ്യമത്തില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഭരണനിര്‍വഹണത്തിനൊപ്പം കേസുകളും ഇനിയുള്ള സര്‍വീസ് കാലത്തില്‍ ഒപ്പമുണ്ടാകുമെന്നര്ഥം.