എന്‍.പ്രശാന്ത് ഐഎഎസിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം ചീഫ് സെക്രട്ടറി കെ.ജലതിലക് അട്ടിമറിച്ചതിന്‍റെ രേഖകള്‍ പുറത്ത്. ശാരദ മുരളീധരന്‍ അധ്യക്ഷയായ സമിതിയെടുത്ത തീരുമാനം അട്ടിമറിക്കാന്‍ ചീഫ് സെക്രട്ടറിയായി വന്നതിന് ശേഷം ജയതിലക് പുതിയ കമ്മിറ്റി രൂപീകരിച്ചു എന്ന് വ്യക്തമാവുന്ന രേഖകളും പുറത്തുവന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന എ.ജയതിലകിനെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചതിനാണ് എന്‍ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ ആറുമാസത്തിനിടയില്‍ പ്രശാന്തിനെ വിളിച്ചുവരുത്തി ചീഫ് സെക്രട്ടറിയായിരുന്ന ശാരദാ മുരളീധരന്‍ വിശദീകരണം തേടിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാനും സര്‍വീസിലേക്ക് തിരികെയെടുക്കാനും ശുപാര്‍ശ ചെയ്തത്.
എന്നാല്‍ ശാരദാ മുരളീധരന്‍, ബിശ്വനാഥ് സിന്‍ഹ , കെ.ആര്‍.ജ്യോതിലാല്‍ എന്നിവരുടെ കമ്മിറ്റി എടുത്ത തീരുമാനം പിന്നീട് തിരുത്തപ്പെടുകയും പ്രശാന്തിന്‍റെ സസ്പെന്‍ഷന്‍ നീട്ടുകയുമായിരുന്നു. സസ്പെന്‍ഷന്‍ പുനപരിശോധിക്കാന്‍ രണ്ടാമത് നിയോഗിച്ച കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയായ കെ.ജയതിലക് ഇടപെട്ടുവെന്ന് സംശയിക്കുന്നതാണ് പുറത്ത് വന്ന രേഖകള്‍.
ശാരദാ മുരളധീരന്‍ വിരമിച്ചതിനെ തുടര്‍ന്ന് പുതിയതായി രൂപീകരിച്ച കമ്മിറ്റിയില്‍ രാജന്‍ ഖോബ്രഗഡെയെക്കൂടി അംഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ആവശ്യമില്ലെന്നും പഴയ കമ്മിറ്റിയിലുള്ള ബിശ്വനാഥ് സിന്‍ഹയും കെ.ആര്‍.ജ്യോതിതിലാലും മാത്രം മതിയെന്നും ചീഫ് സെക്രട്ടറിയായ കെ. ജയതിലക് ഫയലില്‍ എഴുതിയതാണ് പുറത്തുവന്നത്. ഇതോടെയാണ് പ്രശാന്തിന്‍റെ സസ്പെന്‍ഷന്‍ നീട്ടാന്‍ ലക്ഷ്യമിട്ടാണ് രാജന്‍ ഖോബ്രഗഡെയെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്ന സംശയം ബലപ്പെടുന്നത്. തന്‍റെ സസ്പെന്‍ഷന്‍ നീട്ടാന്‍ ജയതിലക് ഇടപെട്ടുവെന്നും അതിന്‍റെ ഫയലുകള്‍ തന്‍റെ കൈവശമുണ്ടെന്നും പ്രശാന്ത് ഇന്നലെ വെല്ലുവിളിച്ചിരുന്നു.