cm-pinarayi-vijayan

വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രെഡിറ്റ് നാടിന് ആകെയുള്ളതാണ്. ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്തു എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. കല്ലിട്ടാല്‍ എല്ലാമാകില്ലെന്നും പദ്ധതിയെ കപ്പലോടുന്ന പരുവത്തിലെത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോട്ട് തള്ളിക്കൊണ്ടുവന്നുള്ള ഉദ്ഘാടനമല്ലെന്ന് മുഖ്യമന്ത്രി യുഡിഎഫിനെ പരിഹസിച്ചു. പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നത് കോണ്‍ഗ്രസിന്‍റെ ആഗ്രഹം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് പങ്കെടുക്കാതിരിക്കുമെന്ന് കരുതുന്നില്ലെന്നും വീണ്ടും സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി. എല്ലാവര്‍ക്കും ക്ഷണം ചെന്നത് അവസാനമാണ്. എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ്. സര്‍ക്കാര്‍ കൊടുത്ത ലിസ്റ്റില്‍ പ്രതിപക്ഷനേതാവിന്‍റെ പേരുണ്ടായിരുന്നു. എല്‍ഡിഎഫ് കണ്‍വീനറെയോ പാര്‍ട്ടി സെക്രട്ടറിമാരെയോ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ല. ഞങ്ങളുടെ ലിസ്റ്റില്‍ ബിജെപി അധ്യക്ഷന്‍ ഇല്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം സന്ദര്‍ശനത്തില്‍ മകളും കുട്ടിയും കൂടെവന്നത് കുടുംബം ആയതിനാലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സന്ദര്‍ശനവേളയില്‍ ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം പദ്ധതിയെ സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ പ്രതീകമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പദ്ധതിയുടെ മൂന്നില്‍ രണ്ടുഭാഗം ചെലവും വഹിച്ചത് സംസ്ഥാനമാണ്. . കമ്മീഷനിങ്ങിന് മുന്നേ വിഴിഞ്ഞം കുതിപ്പിന്‍റെ പാതയിലെത്തി. എല്‍ഡിഎഫ് ഒപ്പിട്ട ഉപകരാറിലൂടെ ലാഭവിഹിതം നേരത്തേ കിട്ടിത്തുടങ്ങുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇനി 10.7 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍ കണക്ടിവിറ്റിയും ഔട്ടര്‍ റിങ് റോഡും വരുമെന്നും ലോക വ്യാപാരമേഖലയില്‍ കേരളത്തിന്‍റെ പേര് തങ്കലിപികളില്‍ എഴുതപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

Kerala CM Pinarayi Vijayan addresses the controversy over credit for the Vizhinjam project, emphasizing that credit belongs to the nation, not individuals. He defends the government's efforts in bringing the project to fruition despite challenges.