വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ കമ്മിഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്ഷണമില്ല. ചടങ്ങ് സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമാണെന്ന് വിശദീകരിച്ചാണ് സതീശനെ ഒഴിവാക്കുന്നത്. വാർഷികാഘോഷം പ്രതിപക്ഷം നേരത്തെ ബഹിഷ്കരിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി മുൻ സർക്കാറിന്റെ കൂടി നേട്ടത്തിന്‍റെ ഭാഗമാണെന്ന് ഇരിക്കെ കേരളത്തിന്‍റെ പൊതുവായ പദ്ധതിയിൽ നിന്ന് പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയതില്‍ വിമർശനം ഉയരുന്നുണ്ട്. ചടങ്ങിലേക്ക് തിരുവനന്തപുരം എംപി ശശി തരൂരിനും വിഴിഞ്ഞം എംഎൽഎയായ എം.വിൻസന്റിനും ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന് സംസ്ഥാന സർക്കാർ അയച്ച ഗസ്റ്റ് ലിസ്റ്റിൽ നിന്നാണ് പ്രതിപക്ഷ നേതാവിന്റെ പേര് വെട്ടിയത്.
അതേസമയം മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ചതിലും വിവാദം ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തുറമുഖ പ്രവര്‍ത്തനം വിശദീകരിക്കുമ്പോള്‍ കുടുംബം അടുത്തിരുന്നതിലാണ് വിവാദം. മുഖ്യമന്ത്രി എത്തിയത് പ്രധാനമന്ത്രി വരുന്നതിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താനായിരുന്നു. കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളും കൊച്ചുമകനും യോഗത്തില്‍ പങ്കെടുത്തിരുന്നു.