റാപ്പർ വേടൻ പ്രതിയായ ലഹരികേസിൽ കഞ്ചാവ് വിതരണം ചെയ്തവരെ കേന്ദ്രീകരിച് അന്വേഷണം. ചാലക്കുടി സ്വദേശി ആഷിക്കാണ് കഞ്ചാവ് നൽകിയതെന്നാണ് പിടിയിലായവരുടെ മൊഴി. മുൻപ് നൽകിയ കഞ്ചാവിന്റെ മിച്ചമുള്ളതാണ് ഉപയോഗിച്ചതെന്നും വേടൻ മൊഴി നൽകി. ആഷിക്കിന് പുറമെ കൂടുതൽ ആളുകളിൽ നിന്നും സംഘം കഞ്ചാവ് വാങ്ങിയിരുന്നതായും പൊലീസ് സംശയിക്കുന്നു. മൊബൈൽ ഫോണിൽ നിന്നടക്കം ഇത് സംബന്ധിച്ച് നിർണായക വിവരം ലഭിച്ചു. വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എ.ഫ്ഐ.ആറിൽ വ്യക്തമാക്കുന്നു. ഒൻപത് പേരും മേശക്ക് ചുറ്റും വട്ടംകൂടിയിരുന്നു കഞ്ചാവ് ഉപയോഗിച്ചു. ഉദ്യോഗസ്ഥരെത്തുമ്പോൾ മുറി നിറയെ രൂക്ഷഗന്ധവും പുകയും നിറഞ്ഞ നിലയിലായിരുന്നുവെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. 

അതേ സമയം പുലിപ്പല്ല് കൈവശംവച്ചതിന് വനംവകുപ്പ് അറസ്റ്റുചെയ്ത ഹിരണ്‍ ദാസ് മുരളി എന്ന റാപ്പര്‍ വേടനെ ഉച്ചയോടെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റുചെയ്തു ജാമ്യത്തില്‍വിട്ട വേടനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് കോടനാട്ടെ ഡിവിഷന്‍ ഒാഫീസിലേയ്ക്ക് കൊണ്ടുപോയി. പുലിപ്പല്ല് കഴിഞ്ഞ വര്‍ഷം ചെന്നൈയിലെ പരിപാടിക്കിടെ ആരാധകന്‍ നല്‍കിയതാണെന്നും തൃശൂരില്‍വച്ച് വെള്ളികെട്ടിച്ച് ഉപയോഗിക്കുകയായിരുന്നുവെന്നും വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്നതും അല്ലാത്തതുമായ വകുപ്പുകള്‍ വനംവകുപ്പ് ചുമത്തിയിട്ടുണ്ട്. മൃഗവേട്ട ഉള്‍പ്പെടെ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്. 

ENGLISH SUMMARY:

Rapper Vedan and his group were caught by the police while using ganja, with the room filled with smoke and a strong odor. The investigation, centered around those who supplied the drugs, revealed that Ashiq from Chalakudy provided the ganja. Vedan stated that they used leftover ganja from an earlier supply. Police suspect they sourced drugs from others as well. Crucial information was obtained from mobile phone data. According to the FIR, nine people were found sitting around a table and using ganja when the police arrived.