പ്രസവിച്ചയുടന്‍ അമ്മ ശുചിമുറിയിലെ ബക്കറ്റില്‍ തള്ളിയിട്ടും പൊലീസ് ഇടപെടലില്‍ ജീവന് തിരിച്ചുകിട്ടിയ കുഞ്ഞ് ഇനി ഇറ്റലിയില്‍ വളരും. രണ്ട് വര്ഷംമുന്പ് ആറന്മുള കോട്ടയിലായിരുന്നു ബക്കറ്റിലാക്കി കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചത്. പ്രസവത്തിലെ തകരാറുകള്‍ കാരണം കുഞ്ഞിന് മാനസിക വളര്‍ച്ചയില്‍ പ്രശ്നങ്ങള്‍ ഉണ്ട്.
2023ഏപ്രില്‍ നാലിന് കടുത്ത രക്തസ്രാവവുമായി യുവതി ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി.പ്രസവമെന്ന് മനസിലായതോടെ ഡോക്ടര്‍മാര്‍ കുഞ്ഞെവിടെ എന്ന് ചോദിച്ചു.കുളിമുറിയിലെ ബക്കറ്റില്‍ എന്നു യുവതി പറഞ്ഞു.ചെങ്ങന്നൂര്‍ പൊലീസാണ് കുതിച്ചെത്തി കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിലാക്കിയത്. 1.3 കിലോയായിരുന്നു ആകെ ഭാരം. ഭര്‍ത്താവുമായി പിരിഞ്ഞ യുവതി കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ചു. ആരോടും പറയാതെ കുളിമുറിയില്‍ പ്രസവിച്ചു. അന്നത്തെ പാച്ചില്‍ ഇന്നും പൊലീസുകാരുടെ മനസിലുണ്ട്.
പിന്നീട് കുഞ്ഞിനെ പത്തനംതിട്ട ശിശുക്ഷേമസമിതിയെ ഏല്പിച്ചു. പ്രസവത്തിലെ തകരാറുകള്‍ കാരണം കുഞ്ഞിന് മാനസിക വളര്‍ച്ചയില്‍ പ്രശ്നങ്ങളുണ്ട്. ഒരു കുട്ടിയുള്ള ഇറ്റലിക്കാരായ ദമ്പതികള്‍ക്ക് ഭിന്നശേഷിയുള്ള ഒരു കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തതും കുഞ്ഞിനെ ഏറ്റെടുത്തതും. തുടര്‍ന്നും ശിശുക്ഷേമ സമിതിയുടെ നിരീക്ഷണം ഉണ്ടാവും.