ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപി ആയതോടെ പൊലീസ് തലപ്പത്ത് അഴിച്ചുപണിക്കൊരുങ്ങി സര്‍ക്കാര്‍. പൊലീസ് മേധാവിയാണ് തലവനെങ്കിലും ജനങ്ങളുമായും സേനയുമായും നിരന്തരം ഇടപെടുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ്. പൊലീസിലെ അധികാരവും ഗ്ളാമറും ചേര്‍ന്ന പദവി. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റമായതോടെ മനോജ് എബ്രഹാം 30ന് അവിടെ നിന്നിറങ്ങും. ഡിജിപി റാങ്കിലുള്ളവര്‍ ഇരിക്കുന്ന അഗ്നിശമന സേനാ മേധാവിയായാണ് മാറ്റം.
ക്രമസമാധാന ചുമതലയിലേക്ക് ആരെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. തല്‍കാലത്തേക്ക് ആ പദവി ഒഴിവാക്കാന്‍ ആലോചനയുണ്ട്. പണ്ട് മുതല്‍ ഇല്ലാതിരുന്ന ഈ പദവി ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കെ 2021ല്‍ മാത്രം രൂപീകരിച്ചതാണ്. അതിനാല്‍ ഒഴിവാക്കിയാലും വലിയ കുഴപ്പമില്ല. മാത്രവുമല്ല പുതിയ പൊലീസ് മേധാവി വരുന്ന ഓഗസ്റ്റ് 1ന് വീണ്ടും തലപ്പത്ത് അഴിച്ചുപണി വേണ്ടിവരും. അതിനാല്‍ തല്‍കാലം അതുവരെ ആരെയും ക്രമസമാധാന ചുമതലയില്‍ വെക്കേണ്ടെന്നും പൊലീസ് മേധാവി തന്നെ കൈകാര്യം ചെയ്യട്ടേയെന്നുമാണ് ആലോചനകളിലൊന്ന്.
മുഖ്യമന്ത്രിക്ക് അതിനോട് താല്‍പര്യമില്ലെങ്കില്‍ ക്രൈംബ്രാഞ്ച് മേധാവിയായ എച്ച്.വെങ്കിടേഷിനാണ് ക്രമസമാധാന ചുമതലയിലേക്കുള്ള പ്രഥമ പരിഗണന. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായ എസ്.ശ്രീജിത്തും മുന്‍നിരയിലുണ്ട്. ഇന്‍റലിജന്‍സ് മേധാവി കസേര ഇളക്കാന്‍ തീരുമാനിച്ചാല്‍ പി.വിജയനും നറുക്ക് വീണേക്കും. മുഖ്യമന്ത്രിയുടെ വിശ്വസ്തനെങ്കിലും രണ്ട് മാസം കഴിഞ്ഞാല്‍ ഡിജിപി റാങ്കിലേക്കെത്തുമെന്നതിനാല്‍ എം.ആര്‍.അജിത്കുമാറിനെ തല്‍കാലം പരിഗണിച്ചേക്കില്ല.