കേരള ഗവർണർക്കും മലയാളി ഗവർണർമാർക്കും വിരുന്ന് നൽകാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. ഇന്ന് വൈകിട്ട് ക്ളിഫ് ഹൗസിലായിരുന്നു ഡിന്നർ നിശ്ചയിച്ചിരുന്നത്. ഡിന്നറിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടവരുത്തുമെന്നാണ് ഗവർണർമാരുടെ വിലയിരുത്തൽ. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന് ഡൽഹി കേരളാ ഹൗസിൽ ഒരുക്കിയ ബ്രേക്ക്ഫാസ്റ്റ് നയതന്ത്രമാണ് മുഖ്യമന്ത്രി ഗവർണർമാരോട് പയറ്റാൻ നോക്കിയത്.
കേരള ഗവർണർ രാജേന്ദ്ര ആർലേക്കറെ കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി ക്ളിഫ് ഹൗസിലെ വിരുന്നിലേക്ക് ക്ഷണിച്ചത്. കേരള ഗവർണർക്ക് പുറമേ ബംഗാൾ, ഗോവ സംസ്ഥാനങ്ങളിലെ മലയാളി ഗവർണർമാരായ സി.വി.ആനന്ദബോസ്, പി.എസ്.ശ്രീധരൻ പിള്ള എന്നിവരെയും വിരുന്നിന് ക്ഷണിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ ഡിന്നർ നയതന്ത്രത്തിൽ ഗവർണർമാർ വിലയിരുത്തിയ കാരണങ്ങൾ ഇതാണ്.
1. പ്രത്യേക കാരണമൊന്നുമില്ലാതെ സംഘടിപ്പിക്കുന്ന വിരുന്നിൽ പങ്കെടുക്കുന്നത് അനാവശ്യ ചർച്ചകൾക്കും ഒത്തുതീർപ്പിനാണെന്ന വ്യാഖ്യാനങ്ങൾക്കും ഇടവരുത്തും.
2. മൂന്നു ഗവർണർമാരും പദവിയിലെത്തിയത് അടുത്തകാലത്തല്ല, അത് പറഞ്ഞ് വിരുന്നിനെ ന്യായീകരിക്കാനാവില്ല.
3. നിർമല സീതാരാമന് മുഖ്യമന്ത്രി നൽകിയ ബ്രേക്ക്ഫാസ്റ്റും വിവാദത്തിലാണ് കലാശിച്ചത്.
കേരള ഗവർണറാണ് വിരുന്നിന് ഇല്ലെന്ന് ആദ്യം അറിയിച്ചത്. ആനന്ദബോസും ശ്രീധരൻപിള്ളയും മറ്റ് അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറി. അടുപ്പുതിളയ്ക്കും മുൻപ് വിരുന്നിന് ഇല്ലെന്ന് ഗവർണർമാർ അറിയിച്ചതിനാൽ ആ പണം ഖജനാവിന് ലാഭമായി. ഗവർണർ പദവിയുടെ അധികാരച്ചിറകുകൾ വെട്ടിയരിയണമെന്ന അഭിപ്രായമുള്ള പാർട്ടിയാണ് സിപിഎം. ആ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മൂന്നു ഗവർണർമാർക്ക് വിരുന്നിന് പന്തലൊരുക്കിയതെന്നതാണ് ഏറ്റവും വലിയ തമാശ.